പ്രതിഷേധജ്വാലകളാൽ കലുഷിതമായിരിക്കുകയാണ് ബംഗ്ലാദേശ്.. ആഴ്കളായി തുടർന്നുകൊണ്ടിരുന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്നെ രാജിവച്ച് പലായനം ചെയ്തിരിക്കുകയാണ്. പട്ടാള അട്ടിമറി നടന്നതോടെ ബംഗ്ലാദേശ് ഇനി സൈനികഭരണത്തിന് കീഴിലായിരിക്കും മുന്നോട്ട് പോവുക.. രാജ്യത്ത് ഇത്ര ഗുരുതരമായ രീതിയിൽ ക്രമസമാധാന നില തകരാനുള്ള കാരണമെന്താണ്? അഞ്ച് തവണ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന ഹസീനയ്ക്ക് ചുവടുപിഴച്ചതെവിടെ?
വിവേചനവിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം എന്ന കൂട്ടായ്മയുടെ പ്രക്ഷോഭമാണ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും വഴിവെട്ടിയതെന്ന് വേണം പറയാൻ. കൂട്ടായ്മയുടെ പ്രതിഷേധസമരത്തിനൊപ്പം സർക്കാർ, സ്വകാര്യ ജീവനക്കാരും പ്രതിപക്ഷപാർട്ടികളും അണിചേർന്നതോടെയാണ് ഹസീനയ്ക്ക് നിൽക്കക്കള്ളി ഇല്ലാതെ ആയത്.
യഥാർത്ഥത്തിൽ വർഷങ്ങൾക്ക് മുൻപേ കൈ കൊണ്ട ഒരു തീരുമാനമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. ആ തീരുമാനം കൈ കൊണ്ടതാകട്ടെ ഷെയ്ഖ് ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ. 1972 ലാണ് അദ്ദേഹം ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന സംവരണസംവിധാനത്തിന് തുടക്കം കുറിച്ചത്. ആദ്യം 30 ശതമാനം സ്വാതന്ത്ര്യസമര സേനാനികൾക്കും 10% യുദ്ധത്തിൽ ബാധിക്കപ്പെട്ട സ്ത്രീകൾക്കും 40% വിവിധ ജില്ലകൾക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976 ൽ ജില്ലകൾക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985 ൽ , യുദ്ധത്തിൽ ബാധിക്കപ്പെട്ട സ്ത്രീകൾക്കുള്ള സംവരണം എല്ലാ സ്ത്രീകൾക്കുമാക്കി മാറ്റി. ഗോത്രവർഗക്കാർക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു. 1997ൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ൽ പേരക്കുട്ടികളെയും ഉൾക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കിയത്.
എന്നാൽ സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികൾക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു ഒരുവിഭാഗം വിദ്യാർത്ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ഷെയ്ഖ് മുജീബുർ റഹ്മാന്റെ പാർട്ടി പ്രവർത്തകരാണെന്നതിനാൽ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ അവാമി ലീഗാണെന്നതാണു വിമർശനം. സ്വാതന്ത്ര സമര ക്വാട്ടയിൽ ആളുകളെ ഉൾപ്പെടുത്താൻ അവർ അഴിമതി കാണിക്കുന്നുണ്ടെന്നായിരുന്നു പരാതി. ക്വാട്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രത്യേക പരീക്ഷകൾ, ഓരോ വിഭാഗത്തിനും വ്യത്യസ്ത പ്രായപരിധികൾ, മെറിറ്റ് ലിസ്റ്റിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തൊഴിൽരഹിതരായി നിൽക്കുമ്പോഴും ക്വാട്ട സീറ്റുകളിൽ നിരവധി ഒഴിവുകൾ ബാക്കി കിടക്കുന്നു എന്നതൊക്കെയായിരുന്നു പരാതികൾ.
2018 വരെ രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ 30 ശതമാനം 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പോരാടിയവരുടെ കുടുംബാംഗങ്ങൾക്കായിരുന്നു. അവികസിത മേഖലകളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റുള്ളവർക്കും 10 ശതമാനം വീതവും, ആദിവാസി മേഖലകളിൽ നിന്നുള്ളവർക്ക് അഞ്ചു ശതമാനവും ബാക്കിയുള്ള ഒരു ശതമാനം അംഗപരിമിതർക്കും വേണ്ടിയായിരുന്നു. ഇത് കഴിഞ്ഞുള്ള 44 ശതമാനം ഒഴിവുകൾ മാത്രമായിരുന്നു ബാക്കിയുള്ളവർക്കായി നീക്കി വച്ചിരുന്നത്.
2018 ഏപ്രിലിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധം ആരംഭിച്ചു. നാല് മാസത്തോളം നീണ്ടു നിന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങൾ തന്നെ, സംവരണ മാനദണ്ഡങ്ങൾ പൊളിച്ചെഴുതാനും സ്വാതന്ത്ര്യ സമര ക്വാട്ട 10 ശതമാനമാക്കി കുറയ്ക്കാനുമായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ പോലീസിനൊപ്പം അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗും(ബിസിഎൽ) രംഗത്തിറങ്ങി. കലാപത്തിലേക്ക് കാര്യങ്ങൾ മാറി. പ്രശ്നത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായി. ഒടുവിൽ ഹസീന എല്ലാ സംവരണങ്ങളും നിർത്തലാക്കി കൊണ്ട് ഉത്തരവിറക്കി.
2024 ജൂൺ അഞ്ചിന് ബംഗ്ലാദേശ് സുപ്രിം കോടതിയുടെ ഹൈക്കോടതി വിഭാഗം 2018 ൽ റദ്ദാക്കിയ എല്ലാ സംവരണവും പുനസ്ഥാപിക്കാൻ ഉത്തരവിട്ടു. കൂട്ടത്തിൽ 30 ശതമാനം സ്വാതന്ത്ര സമര പോരാളികൾക്കുള്ള ക്വാട്ടയും. ബക്രീദ് കഴിഞ്ഞതിനു പിന്നാലെ, ജൂൺ17 മുതൽ രാജ്യതലസ്ഥാനമായ ധാക്ക മുതൽ വീണ്ടും സംവരണ വിരുദ്ധ പ്രതിഷേധങ്ങൾ ഉയർന്നു.പ്രതിഷേധം പരിധി വിടുന്നതായി കണ്ടതോടെ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ഒരു മാസത്തക്ക് മരവിപ്പിച്ചു. ഓരോ വിഭാഗത്തിനുമായി ഏർപ്പെടുത്തിയ വിവേചനപരമായ സംവരണം എടുത്തു മാറ്റണമെന്നും, ഭരണഘടനയിൽ അനുശാസിക്കുന്ന പ്രകാരം അഞ്ചു ശതമാനം സംവരണം പിന്നാക്കക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും, പാർലമെന്റിൽ നിയമം പാസാക്കി ഇക്കാര്യം ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അംഗപരിമിതർക്കും ഗോത്രവിഭാഗക്കാർക്കമുള്ള ക്വാട്ട നിലനിർത്തിക്കൊണ്ട് സ്വാതന്ത്രസമര പോരാളികളുടെ പിൻമുറക്കാർക്കുള്ള സംവരണം അവസാനിപ്പിക്കുക എന്നത് തന്നെയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു ഹസീന. അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം പൂർവ്വാധികം ശക്തിയോടെ രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ സ്ത്രീ. പലപ്പോഴായി 19 വധശ്രമങ്ങൾ അതിജീവിച്ച, ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിത. 76 വയസുള്ള ഹസീനയുടെ പോരാട്ടം ഇനിയെങ്ങനെയാവുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളായി 1947 സെപ്റ്റംബര്‍ 28ന് കിഴക്കന്‍ ബംഗാളിലാണ് (ഇന്നത്തെ ബംഗ്ലദേശ്) ഹസീനയുടെ ജനനം.ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആണവ ശാസ്ത്രജ്ഞൻ എം.എ.വാസെദ് മിയയെ 1967ല്‍ വിവാഹം കഴിച്ചു. ബംഗ്ലദേശിൽ അട്ടിമറി നടന്ന 1975 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി മുജീബുര്‍ റഹ്‌മാൻ കൊല്ലപ്പെട്ടു. മുജീബിന്റെ ഭാര്യയ്ക്കും മൂന്നു ആൺമക്കൾക്കും ജീവൻ നഷ്ടമായി. പെൺമക്കളായ ഹസീനയും അനുജത്തി രഹാനയും സ്‌ഥലത്തില്ലാത്തതിനാൽ മാത്രം രക്ഷപ്പെട്ടു.അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവർക്കു രാഷ്ട്രീയ അഭയം നൽകി.1981 ഫെബ്രുവരി 16-ന് അവാമി ലീഗിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യയിൽനിന്നു ബംഗ്ലദേശിലേക്കു മടങ്ങി. സൈനികനിയമം ചുമത്തി 1984ലും 1985ലും മാസങ്ങളോളം വീട്ടുതടങ്കലിൽ. 1986ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹസീന പ്രതിപക്ഷ നേതാവായി.1996 ലെ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് അവാമി ലീഗ് ഭൂരിപക്ഷം നേടി. ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രിയായി. . 2001ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും പ്രതിപക്ഷത്ത്. 2007ല്‍ സൈന്യം അധികാരം പിടിച്ചപ്പോള്‍ അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലടച്ചു.
Discussion about this post