ഈ അടുത്ത് ബോളിവുഡിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു വിക്കി കൗശലും തൃപ്തി ദിമ്രിയും അമ്മി വിർക്കും മുഖ്യവേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ഹിന്ദി കോമഡി സിനിമയാണ് ആനന്ദ് തിവാരി സംവിധാനം ചെയ്ത ബാഡ് ന്യൂസ്. നായികയ്ക്ക് ഒരു പ്രസവത്തിൽ രണ്ട് പുരുഷൻമാരിൽ നിന്നും ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഇത് റിയൽ ലൈഫിൽ സാധ്യമാകുമോ എന്നായി പിന്നീടുള്ള ചർച്ചകൾ.
ഇത് സംഭവിക്കാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഹെട്ടെറോപാറ്റേണൽ സൂപ്പർഫീക്കണ്ടേഷൻ എന്നാണ് ഈ അത്യപൂർവ്വ പ്രതിഭാസത്തിന്റെ പേര്.ദശലക്ഷത്തിൽ ഒന്ന് മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം ലോകത്തിൽ ആകെ 20 ഹെട്ടെറോപാറ്റേണൽ സൂപ്പർഫീക്കണ്ടേഷൻ മാത്രമേ സംഭവിച്ചിട്ടുള്ളൂ. പൊതുവേ പട്ടി, പൂച്ച, പശു ഉൾപ്പെടെയുള്ള മൃഗങ്ങളിൽ കണ്ട് വരുന്ന ഈ ഗർഭധാരണം മനുഷ്യരിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമ്മയിൽ ഒരേസമയം ഉണ്ടായ രണ്ട് അണ്ഡങ്ങളിൽ വ്യത്യസ്ത പുരുഷന്മാരുടെ ബീജങ്ങൾ ചേരുമ്പോൾ ഇത് സംഭവിക്കാം.
അതായത്. ഒരു ആർത്തവചക്രത്തിൽ ഒന്നിലധികം അണ്ഡങ്ങൾ ഉണ്ടാവുകയും അണ്ഡോത്പാദനത്തോട് അടുത്ത സമയത്ത് വ്യത്യസ്ത പങ്കാളികളുമായി സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും വേണം. പുരുഷ ബീജത്തിന് സ്ത്രീയുടെ പ്രത്യുത്പാദന നാളിയിൽ അഞ്ച് ദിവസം വരെ നിലനിൽക്കാൻ സാധിക്കും. ഈ സമയത്തിനുള്ളിൽ വ്യത്യസ്ത ബീജങ്ങൾ വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിച്ച് ഒന്നിലധികം സൈഗോട്ടുകൾ ഉണ്ടാകും. ഇരട്ടകളും അതിലധികം കുട്ടികളും ഇത്തരം പ്രതിഭാസത്തിൽ ഉണ്ടാകാം.കുഞ്ഞുങ്ങൾ അമ്മയുടെ ഡി.എൻ.എ പങ്കിടുന്നു. പക്ഷേ കുഞ്ഞുങ്ങൾ വ്യത്യസ്ത പ്ലാസന്റകളിലാണ് വളരുന്നത്.
Discussion about this post