കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറുമാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 385 ഓളം വീടുകൾ പൂർണ്ണമായും തകർന്നതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നഗർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.













Discussion about this post