ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. ഹസീനയ്ക്ക് അഭയം നൽകില്ലെന്ന് ബ്രിട്ടൺ അറിയിച്ചതായാണ് സൂചന. കുടിയേറ്റ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൺ അനുമതി നിഷേധിച്ചത്. നിലവിൽ ഹിൻഡൻ വ്യോമതാവളത്തിന് സമീപത്തെ വസതിയിലാണ് ഹസീനയുള്ളത്. ഇവർക്കൊപ്പം സഹോദരിയും ഇവിടെയുണ്ട്.
കുടിയേറ്റ നിയമങ്ങൾ പ്രകാരം ഒരു പൗരന് അഭയം നൽകുക എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ബ്രിട്ടൺ അറിയിച്ചു. എന്നിരുന്നാലും താത്കാലികമായി അഭയം തേടുന്നതിനെ നിയമം പ്രോത്സാഹിപ്പിക്കുന്നില്ല. അന്താരാഷ്ട്ര നിയമങ്ങൾ കണക്കാക്കുമ്പോൾ ആദ്യം എത്തുന്ന രാജ്യത്ത് തന്നെ നേതാവിന് അഭയം തേടാമെന്നും ബ്രിട്ടൺ അറിയിക്കുന്നു.
ബംഗ്ലാദേശിന്റെ അവസ്ഥയും ഹസീനയുടെ പലായനവും വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഈ സാഹചര്യത്തിൽ അഭയം നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ എന്തായാലും ഷെയ്ഖ് ഹസീന കുറച്ച് ദിവസങ്ങൾ ഇന്ത്യയിൽ തുടരും.
ബംഗ്ലാദേശ് വ്യോമസേനയുടെ സി 130ജെ വിമാനത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത്. ആദ്യ സുരക്ഷിത സ്ഥാനം എന്ന നിലയിൽ ആയിരുന്നു ഇന്ത്യയെ ഹസീന തിരഞ്ഞെടുത്തത്. ഹിൻഡൻ വ്യോമതാവളത്തിൽ എത്തിയ ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സ്വാഗതം ചെയ്തത്.
Discussion about this post