ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാൾ ആക്രമിക്കപ്പെടുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിഭവ് കുമാറിനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഡൽഹി പോലീസ്. കേസിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നിരിക്കാമെന്നും ഡൽഹി പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ എഎപി നേതാക്കളായ അതിഷിയും സഞ്ജയ് സിംഗും മൊഴിമാറ്റി. ഇത് സംഭവത്തിൽ ഗൂഡാലോചന നടന്നതിന്റെ തെളിവാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മെയ് 14ന് മലിവാളിനെതിരെ അതിക്രമം നടന്നതിന്റെ അടുത്ത ദിവസം സംഭവത്തെ സഞ്ജയ് സിംഗ് പരസ്യമായി അപലപിക്കുകയും ബിഭവ് കുമാറിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മലിവാളിന്റെ ആരോപണം അതിഷി തള്ളി. വെറും 72 മണിക്കൂർ കൊണ്ട് ഉണ്ടായ ഈ നിലപാട് മാറ്റം ഗൂഡാലോചനയുെട ഭാഗമാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സ്വാതി മലിവാളും മൊഴി നൽകിയിട്ടുണ്ട്. എഎപി നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ ബിഭവ് കുമാറിന് ലഭിക്കുന്നുണ്ടെന്നും മലിവാൾ ആരോപിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനും അവർ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ബിഭവ് കുമാർ മലിവാളിനെ ക്രൂരമായി മർദ്ദിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അവരെ മുറിയിലൂടെ വലിച്ചിഴയ്ക്കുകയും തല്ലുകയും പല തവണ നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Discussion about this post