ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണ്ട എന്ന നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പത്തിനും, അന്പതിനും ഇടയിലുളള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
നേരത്തെ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, ദേവസ്വം വകുപ്പ് മന്ത്രി ശിവകുമാറും അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് വിഷയത്തില്‍ കൈക്കൊണ്ടിരുന്നതും, കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നതും. ഈ സത്യവാങ് മൂലം റദ്ദാക്കിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.
ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും, സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സീസണ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കമെന്നുമുളള നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേ സമയം സര്‍ക്കാരുകള്‍ മാറി വരുന്നത് അനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് കേരളത്തിലെ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ നിരീക്ഷണം നടത്തിയത്.
Discussion about this post