ആലപ്പുഴ: വയനാടിലെ ദുരന്തം ഓരോ മനുഷ്യന്റെയും ഉള്ളുപൊള്ളിക്കുമ്പോൾ ഓർത്തു പോവുന്ന മറ്റൊരു ഗ്രാമമാണ് പെട്ടിമുടി. നാല് വർഷം മുമ്പ് പെട്ടിമുടിയിലെ നൊമ്പര കാഴ്ച്ചയായിരുന്നു ഉറ്റവരെ തേടി തേടി ദുരന്തമുഖത്ത് അലഞ്ഞ കുവി എന്ന നായ. തന്റെ ഉറ്റ കൂട്ടുകാരിയായ ധനുഷ്‌കയെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ പോലും പരാജയപ്പെട്ടപ്പോൾ കിലോമീറ്ററുകൾക്കപ്പുറം അവളെ തേടി കണ്ടുപിടിച്ചത് കുവിയായിരുന്നു.
ധനുഷ്‌കയുൾപ്പെടെ മൂന്ന് പേർ മണ്ണിലുണ്ടെന്ന് അന്നവൾ രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തപ്പോൾ കണ്ടുനിന്നവരെല്ലാം ഒന്ന് തേങ്ങി. പരിശീലനം ലഭിച്ച നായ്ക്കൾ പോലും കണ്ടു പിടിക്കാത്ത ആ മനുഷ്യരെ കണ്ടുപിടിച്ച കുവി അന്ന് ഉന്നത ഉദേയാഗസ്ഥർക്കിടയിൽ പോലും ചർച്ചാ വിഷയമായിരുന്നു. ഉറ്റവർ നഷ്ടപ്പെട്ട കുവിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പോലീസ് സേനയുടെ കെ9 സ്‌ക്വാഡിലെടുത്തു. അന്ന് കുവി സോഷ്യൽ മീഡിയയിലും താരമായി മാറിയിരുന്നു.
അടിമാലി സ്‌റ്റേഷൻ സിപിഒ ആയ അജിത്തിന്റെ ചേർത്തലയിലെ കൃഷ്ണകൃപയെന്ന വീട്ടിലാണ് കുവി ഇന്നുള്ളത്. അജിത്തിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മകൾ ഇളയുടെയും പൊന്നോമനയാണ് കുവി ഇന്ന്. പെട്ടിമുടി ദുരന്തം നടന്ന് വർഷങ്ങൾക്കിപ്പുറവും ഇന്നും കുവിയുടെ മനസിൽ ആ ഓർമകളുണ്ടാകും. കുവിയെ വിട്ടുപിരിഞ്ഞവരെ കുറിച്ച് ഇന്നും ഓർക്കുന്നുണ്ടാകും. ഇന്നും മഴ കാണുമ്പോൾ അവൾ ചെവി താഴ്ത്തിയിരിക്കും. തനിക്കേറെ പ്രിയപ്പെട്ട ധനുഷ്‌കയെ ഇളയിൽ കാണുന്നതുകൊണ്ടാകും അവളോട് അടുപ്പം കൂടുതലാണ് കുവിയ്ക്ക്.
മാസങ്ങൾക്ക് മുമ്പ് ശ്രീജിത്ത് പൊയിൽകാവ് സംവിധാനം ചെയ്ത നജസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്നു കുവി. ചേർത്തലയിൽ കുവിയ്ക്ക് ആരാധകരേറെയാണ്.











Discussion about this post