പത്തനംതിട്ട : സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ നടുറോഡിൽ ആൾക്കൂട്ടവും ആഘോഷവുമായി കേക്ക് മുറിച്ചു പിറന്നാളാഘോഷിച്ച കാപ്പ കേസ് പ്രതി കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. വയനാട് ദുരന്തത്തിൽ നാട് നടുങ്ങി നിൽക്കുന്ന സമയത്ത് കൂടിയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതി നടുറോഡിൽ പിറന്നാളാഘോഷം നടത്തിയത്. ഇപ്പോൾ ഈ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്.
സംഭവം വലിയ വാർത്തയാവുകയും രൂക്ഷമായ വിമർശനം ഉയരുകയും ചെയ്തതോടെയാണ് പോലീസ് ഈ വിഷയത്തിൽ നടപടിയുമായി മുന്നോട്ടു നീങ്ങിയിരിക്കുന്നത്. പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രി അടക്കമുള്ള സിപിഎം പ്രവർത്തകർ ചേർന്ന് കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് നേരത്തെ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടുറോഡിൽ വച്ച് പിറന്നാളാഘോഷം നടത്തിയത്.
കാപ്പാ കേസ് പ്രതിയും സിപിഎം അംഗവുമായ ശരൺ ചന്ദ്രന്റെ പിറന്നാൾ ആഘോഷമാണ് നടുറോഡിൽ വച്ച് ഗതാഗത തടസ്സമുണ്ടാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ ആഘോഷിച്ചത്. കാപ്പ എന്നെഴുതിയ കേക്ക് ആണ് ഈ ആഘോഷ പരിപാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് മുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം രൂക്ഷമായ വിമർശനമായിരുന്നു സംഭവത്തിനെതിരെ ഉയർന്നത്.
Discussion about this post