കാഠ്മണ്ഡു : നേപ്പാളിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് 5 മരണം. നുവകോട്ടിലെ ശിവപുരി പ്രദേശത്തു വച്ചാണ് എയർ ഡൈനാസ്റ്റി ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. കാഠ്മണ്ഡുവിൽ നിന്നും സയാഫ്രുബെൻസിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.
എയർ ഡൈനാസ്റ്റിയുടെ ഉടമസ്ഥതയിലുള്ള 9N-AJD എന്ന ഹെലികോപ്റ്റർ ആണ് നാല് ചൈനീസ് പൗരന്മാരുടെയും പൈലറ്റിന്റെയും മരണത്തിന് കാരണമായത്. നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമായിരുന്നു ഹെലികോപ്റ്റർ യാത്ര ആരംഭിച്ചിരുന്നത്. ശിവപുരിയിലെ അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു.
പറന്നുയർന്ന് മൂന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ കോപ്റ്ററിന് ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായി നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിൽ വിമാന അപകടങ്ങൾ പതിവാകുന്നത് ടൂറിസം മേഖലയെ വലിയ രീതിയിൽ ബാധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 24ന് ശൗര്യ എയർലൈൻസിന്റെ ചെറുവിമാനം തകർന്നുവീണു 18 പേരാണ് മരിച്ചിരുന്നത്.
Discussion about this post