ടെൽ അവീവ്: ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട യഹ്യാ സിൻവാറിനെ (61) ഉടനെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി ഇസ്രയേൽ. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവാറാണ്. ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേ ജൂലായ് 31ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാറിന് ചുമതല ലഭിച്ചത്. ഗാസയിലെ ഹമാസിന്റെ നേതൃസ്ഥാനമാണ് ഇയാൾ വഹിച്ചിരുന്നത്.
അമേരിക്കയടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊടുംഭീകരനായ സിൻവാറിനെ എത്രയും വേഗത്തിൽ ഇല്ലാതാക്കാനും ഹമാസിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും മറ്റൊരു ശക്തമായ കാരണം കൂടി ലഭിച്ചെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് വെളിപ്പെടുത്തിയത്.
ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ മജ്ദിന്റെ സ്ഥാപകനായ ഇയാളെ 2015ൽ തന്നെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സിൻവാർ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഗാസ വിട്ടിട്ടില്ലെന്നാണ് വിവരം.
Discussion about this post