ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭരണത്തകർച്ചയെ തുടർന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയിലും പലായനത്തിനും പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി മകൾ സൈമ വസീദ്. ഈ പ്രതിസന്ധി ഘട്ടത്തിൽ അമ്മയെ ഒന്ന് കാണാനോ ഒന്ന് കെട്ടിപ്പിടിക്കാനോ തനിക്ക് കഴിയുന്നില്ലെന്ന് അവർ കുറിച്ചു. എക്‌സിലാണ് സൈമ വസീദ് കുറിപ്പ് പങ്കുവച്ചത്.
‘ഞാൻ ഏറെ സ്‌നേഹിക്കുന്ന ബംഗ്ലാദേശിലെ ജീവിത അവസാനിച്ചതിൽ ഹൃദയം തകരുന്നു. അതിലേറെ ഹൃദയം തകരുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ എന്റെ അമ്മയെ ഒന്ന് കാണാനോ ഒന്ന് കെട്ടിപ്പിടിക്കാനോ പോലും കഴിയുന്നില്ലല്ലോ എന്നോർത്താണ്. ഒരു ആർഡി എന്ന നിലയിൽ എന്റെ കടമകൾ നിർവഹിക്കാൻ ഞാൻ ബാദ്ധ്യസ്ഥയാണ്’- സൈമ വസീദ് എക്‌സിൽ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടറാണ് (ആർഡി) സൈമ വസീദ്.
രാജിയ്ക്ക് ശേഷം ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്. മാനസീകമായും ശാരീരികമായും ശാന്തമാകാൻ അവർക്ക് സമയം ആവശ്യമാണെന്നും അതിന് ശേഷം, എന്താണ് അടുത്ത നീക്കമെന്ന് ഹസീനയോട് കേന്ദ്ര സർക്കാർ ചോദിച്ചറിയുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് അവർ ഇന്ത്യയിലേയ്ക്ക് വരാനുള്ള അനുമതി ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ഖ് ഹസീന ലണ്ടനിലേൽ അഭയം പ്രാപിക്കാൻ ശ്രമിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഹസീനയുടെ മകൻ സജീബ് വസീദ് ഈ വാർത്തകൾ തള്ളി രംഗത്ത് വന്നു. തന്റെ മാതാവ് യുകെയോട് അഭയം ചോദിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അവർ ആരോടും എവിടെയും അഭയം ചോദിച്ചു ചെന്നിട്ടില്ല. ഇത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് അറിയാമായിരുന്നിട്ടും അമേരിക്കയും ബ്രിട്ടനും ഇതേകുറിച്ച് മൗനം പാലിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post