ധാക്ക: രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടത് തന്റെ ഉപദേശപ്രകാരം ആണെന്ന് മകൻ സജീബ് വാസെദ്. രോഷാകുലരായ ജനക്കൂട്ടം അമ്മയെ കൊല്ലുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇതേ തുടർന്നാണ് പലായനം ചെയ്യാൻ നിർബന്ധിച്ചത് എന്നും സജീബ് പറഞ്ഞു. മകന്റെ നിർദ്ദേശ പ്രകാരം ആണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടന്നത് എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് നജീബ്. നിലവിൽ ഇന്ത്യയിലെ ഹിൻഡൺ വ്യോമതാവളത്തിന് സമീപത്തെ വസതിയിലാണ് ഷെയ്ഖ് ഹസീനയും സഹോദരയും തങ്ങുന്നത്.
രാജിവച്ചതിന് പിന്നാലെ അമ്മയെക്കുറിച്ച് ആലോചിച്ച് വലിയ ആശങ്കയാണ്. അത് രാജ്യംവിട്ടതുകൊണ്ടല്ല. മറിച്ച് രാജ്യം വിടാൻ തയ്യാറാകാത്തതിൽ ആണ്. ഒരുപാട് സമയം എടുത്താണ് അമ്മയെ ഇവിടെ നിന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കിച്ചത്. ഇവിടെ നടക്കുന്നത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രതിഷേധമോ പ്രശ്‌നങ്ങളോ അല്ല. ഇത് ജനക്കൂട്ടം ആണ്. അവർ അമ്മയെ കൊലപ്പെടുത്തുമെന്നും അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജീബ് പറഞ്ഞു.
രാജിവയ്ക്കുന്നതിന് തലേദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് അമ്മ തീരുമാനം എടുത്തത്. ആരെയും ഇതേക്കുറിച്ച് അറിയിച്ചിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഭരണം കൈമാറുന്നതിന് വേണ്ടിയാണ് ഷെയ്ഖ് ഹസീന രാജിവച്ചത്. എന്നാൽ ജനക്കൂട്ടം വസതി ലക്ഷ്യമാക്കി എത്തിയതോടെ താൻ ഭയന്നു. ആ ഭയത്തെ തുടർന്നാണ് ഇവിടെ നിൽക്കരുതെന്ന് പറഞ്ഞത്. എത്രയും വേഗം ഇവിടെ നിന്നും പോകണമെന്നും താൻ ആവശ്യപ്പെടുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ബ്രിട്ടണിൽ അഭയം തേടാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ബ്രിട്ടൺ അഭയം നൽകില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നത്. ചൊവ്വഴ്ച വൈകീട്ടോടെയായിരുന്നു ഹസീന പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചത്.
Discussion about this post