തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലും വിവാഹിതരാകുന്നു. ഇന്ന് രാവിലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സന്തോഷ വാർത്ത പങ്കുവച്ചത്.
‘ഞങ്ങളുടെ മകൻ നാഗചൈതന്യയും ശോഭിത ധൂലിപാലും വിവാഹിതരാവുന്ന വിവരം ഏറെ സന്തോഷപൂർവം അറിയിക്കുന്നു. ഇന്ന് രാവിലെ 9.45 ഓടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേയ്ക്ക സ്വീകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങൾ ഏവരും. ഇരുവർക്കും ആശംസകൾ നേരുന്നു. ഒരു ജീവിതകാലത്തെ സ്‌നേഹവും സന്തോഷവും അവർക്ക് ആശംസിക്കുന്നു. അന്തമായ സ്‌നേഹത്തിന്റെ തുടക്കമാകട്ടെ’ നാഗാർജുന പോസ്റ്റിൽ കുറിച്ചു.
നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയത്തെ കുറിച്ചുള്ള വാർത്തകൾ രാവിലെ തന്നെ പുറത്തുവന്നിരുന്നു. നടി സമാന്തയുമായുള്ള വേർപിരിയലിന് ശേഷം നാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പ്രണയബന്ധത്തെ കുറിച്ച് നാഗചൈതന്യയും ശോഭിതയും ഇതുവരെ പ്രതികരുന്നില്ല. അതേസമയം, ഇരുവരുംഒരുമിച്ച് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ വർഷം ആദ്യം ലണ്ടനിൽ താരങ്ങൾ ഒരുമിച്ച് വൈൻ ആസ്വദിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
Discussion about this post