ന്യൂഡൽഹി: ഉത്സവ മാസങ്ങളിൽ പരമ്പരാഗത ആഘോഷ വേഷങ്ങളായ രാഖിയും കുറിയും ഇട്ട് കുട്ടികൾ സ്കൂളിൽ വരുന്നത് പതിവാണ്. പൊതുവെ ഭൂരിഭാഗം സ്കൂളുകൾക്കും ഇത് ഒരു വിഷയമാകില്ലെങ്കിലും ചില സ്കൂളുകൾ നടപടിയെടുക്കാറുണ്ട്. ഇത്തരത്തിലുള്ള സ്കൂളുകളിൽ കുട്ടികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഈ ആഘോഷ ദിവസങ്ങളിൽ വിധേയമാകാറുണ്ട്. എന്നാൽ ഇനി അത് വേണ്ട എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മീഷൻ.
ആഗസ്റ്റ് 8-ന് പുറത്തു വിട്ട കത്തിലാണ് , എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ, ഉത്സവ വേളകളിൽ സ്കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തിയത് .
ആഘോഷത്തിൻ്റെ പരമ്പരാഗത ചിഹ്നങ്ങളായ രാഖികൾ, തിലകങ്ങൾ, മെഹന്ദികൾ എന്നിവ ധരിക്കാൻ കുട്ടികളെ അനുവദിക്കാത്തതും അതിൻ്റെ ഫലമായി ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സംഭവങ്ങൾ കത്തിൽ എടുത്തുകാണിക്കുന്നു.
സ്‌കൂളുകളിലെ ശാരീരിക ശിക്ഷ നിരോധിക്കുന്ന 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (ആർടിഇ) സെക്ഷൻ 17 ൻ്റെ ലംഘനമാണ് ഇത്തരം നടപടികൾ ചെയ്യുന്നതെന്ന് കനൂംഗോ തുറന്നടിച്ചു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകണമെന്ന് എൻസിപിസിആർ വ്യക്തമാക്കി.
Discussion about this post