പാരീസ് : പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യയുടെ സ്വപ്ന താരം നീരജ് ചോപ്രയ്ക്ക് നിർഭാഗ്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ രണ്ടാം സ്ഥാനം മാത്രമാണ് നേടാൻ കഴിഞ്ഞത്. കടുത്ത പോരാട്ടം കാഴ്ചവച്ച ഫൈനൽ മത്സരത്തിൽ പാകിസ്താൻ താരം അർഷാദ് നദീം ആണ് സ്വർണം നേടിയത്. 92.97 മീറ്റർ ദൂരം എന്ന ഒളിമ്പിക് റെക്കോർഡ് എറിഞ്ഞാണ് അർഷാദ് നദീം സ്വർണ മെഡൽ നേടിയത്.
ഫൈനൽ മത്സരത്തിൽ നീരജ് ചോപ്ര അഞ്ച് ഫൗളുകൾ ആയിരുന്നു എറിഞ്ഞത്. നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗൾ ആയി മാറുകയായിരുന്നു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. ഈ സീസണിലെ നീരജ് ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നീരജിന്റെ മൂന്നാം ശ്രമവും നാലാം ശ്രമവും അഞ്ചാം ശ്രമവും അവസാന ശ്രമവും ഫൗൾ ആയതാണ് മത്സരത്തിൽ ഏറെ നിരാശപ്പെടുത്തിയത്.
ഫൈനൽ യോഗ്യത നേടിയവരിൽ നാലാം സ്ഥാനത്തുള്ള താരമായിരുന്നു പാകിസ്താൻ താരം അർഷാദ് നദീം. 30 വർഷത്തിനുശേഷമാണ് പാകിസ്താനിലേക്ക് ഒളിമ്പിക് മെഡൽ എത്തുന്നത് എന്ന സവിശേഷതയും അർഷാദിന്റെ വിജയത്തിലുണ്ട്. രണ്ടാം ശ്രമത്തിലാണ് 92.97 എന്ന റെക്കോർഡ് നേട്ടം അർഷാദ് സ്വന്തമാക്കിയത്.
ജാവലിൻ ത്രോയിൽ ലോകത്തിലെ ഏറ്റവും മികച്ച 12 താരങ്ങൾ മാറ്റുരച്ച ഫൈനലിൽ ആണ് നീരജ് ചോപ്ര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതിനാൽ വെള്ളിനേട്ടവും ഒട്ടും ചെറുതായി കാണാൻ കഴിയില്ല. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര. ഒളിമ്പിക്‌സിൽ ജാവലിനിൽ സ്വർണം നേടുന്ന ആദ്യ ഏഷ്യൻ അത്‌ലറ്റും ലോക ചാമ്പ്യൻഷിപ്പിൽ ഈ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഏഷ്യക്കാരനും കൂടിയാണ് നീരജ്.
വ്യക്തിഗത ഇനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ്, അരങ്ങേറ്റ ഒളിമ്പിക്‌സിൽ തന്നെ സ്വർണ്ണം നേടിയ ഏക വ്യക്തി എന്നീ റെക്കോർഡുകളും കൂടി നീരജ് ചോപ്രയ്ക്ക് സ്വന്തമാണ്.
33-ാമത് ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ മത്സരത്തിൽ വലിയ പ്രതീക്ഷ ആയിരുന്നു രാജ്യത്തിന് ഉണ്ടായിരുന്നത്.
പുരുഷന്മാരുടെ യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ രേഖപ്പെടുത്തി ഒന്നാമതെത്തിയാണ് നീരജ് ഫൈനലിൽ പ്രവേശിച്ചിരുന്നത്. ഫൈനലിൽ നീരജ് തന്റെ പ്രകടനം വീണ്ടും മെച്ചപ്പെടുത്തിയെങ്കിലും മത്സരത്തിൽ സംഭവിച്ച 5 ഫൗളുകളും പാക് താരത്തിന്റെ റെക്കോർഡ് നേട്ടവും ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ തകർക്കുകയായിരുന്നു.
Discussion about this post