മുംബൈ: റെയിൽ വേ സ്‌റ്റേഷനിൽ വച്ച് സ്യൂട്ട്‌കേസിൽ മൃതദേഹവുമായി രണ്ട് പേരെ പിടികൂടിയ സംഭവത്തിൽ കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്‌സാന അറസ്റ്റിൽ. യുവതിയും പിടിയിലായവരിൽ ഒരാളായ ജയ് ചൗഡയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണം. ഭർത്താവിനെ കൊലപ്പെടുത്തി പ്രതിക്കൊപ്പം ജീവിക്കാനായിരുന്നു റുക്‌സാനയുടെ ലക്ഷ്യം. ഇതിനായി ശിവ്ജിത്ത് സിംഗുമായി ഗൂഡാലോചന നടത്തി അർഷാദിനെ കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച മുംബൈയിലെ പൈദുണിയിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയ അർഷാദിന് മദ്യം നൽകിയ ശേഷം തലക്കടിച്ചും ശേഷം കത്തി ഉപയോഗിച്ചും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിനിൽ കൊണ്ടുപോയി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ, റെയിൽ വേ സ്‌റ്റേഷനിൽ വച്ച് സ്യൂട്ട്‌കേസിൽ നിന്നും രക്തം വന്നതോടെ ശ്രമം പാളി.
കൊല്ലപ്പെട്ട അർഷാദും റെയിൽ വേ സ്‌റ്റേഷനിൽ നിന്നും പിടികൂടിയവരും ശ്രവണ- സംസാര ശേഷിയില്ലാത്തവരാണ്. ഭിന്നശേഷിക്കാരുടെ പരിപാടിക്കിടെയാണ് അർഷാദും ഭാര്യയും മറ്റ് രണ്ട് പേരുമായി പരിചയപ്പെടുന്നത്.
Discussion about this post