കൊച്ചി; വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന നടനും അഭിഭാകനുമായ ഷുക്കൂറിന്റെ പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി.ഹർജിക്കാരന് 25,000 രൂപ കോടതി പിഴയും ചുമത്തി. പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും കോടതി നിർദേശിച്ചു.
ഹർജിയിൽ എന്ത് പൊതുതാത്പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും ബോധ്യപ്പെടുത്തി.ഈ ഹർജി പൊതുതാൽപര്യത്തിനല്ലെന്നും മറിച്ച് പ്രശസ്തിക്ക് വേണ്ടിയാണെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകൾക്ക് കീഴിൽ, ശരിയായ ഉത്തരവാദിത്തമോ മാനേജ്‌മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹർജിയിൽ അവകാശപ്പെട്ടു. സിഎംഡിആർഎഫ് വഴി സർക്കാർ ഇതിനകം ഫണ്ട് ശേഖരിക്കുന്നുണ്ടെങ്കിലും ഒന്നിലധികം അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളും ആഗോളതലത്തിൽ സമാന്തരമായി സംഭാവനകൾ അഭ്യർത്ഥിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു.
Discussion about this post