തൃശ്ശൂർ : വയനാടിന്റെ ദുരിതാശ്വാസത്തിനായി കൈകോർത്ത് മുന്നേറുകയാണ് കേരളജനത. ആ കൂട്ടത്തിൽ ഇപ്പോൾ ശ്രദ്ധേയരാവുന്നത് തൃശ്ശൂരിലെ ഒരു ബസ് ഉടമയും തൊഴിലാളികളും ആണ്. തൃശ്ശൂരിൽ സർവീസ് നടത്തുന്ന ഷേണായീസ് ബസുകൾ ആണ് ഒരു ദിവസത്തെ മുഴുവൻ കളക്ഷനും വയനാട് ദുരിതാശ്വാസത്തിനായി കൈമാറിയത്.
ബസ് സർവീസിലൂടെ സമാഹരിച്ച തുകയോടൊപ്പം ബസിലെ തൊഴിലാളികൾ തങ്ങളുടെ വേതനവും വയനാടിനായി നൽകി. നാൽപതിനായിരം രൂപയാണ് ഷേണായീസ് ബസിന്റെ ഉടമയും തൊഴിലാളികളും ചേർന്ന് വയനാടിന്റെ ദുരിതാശ്വാസത്തിനായി നൽകിയത്. ദേശീയ സേവാഭാരതിക്കാണ് ഇവർ ഈ തുക കൈമാറിയത്.
ഷേണായീസ് ബസ് ഉടമ രാംകുമാർ ഷേണായിയും അദ്ദേഹത്തിന്റെ തന്നെ വിവിധ റൂട്ടുകളിലായി ഓടുന്ന 5 ബസുകളിലെ തൊഴിലാളികളും കൂടി ചേർന്നാണ് 40000 രൂപ വയനാടിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കായി സമർപ്പിച്ചത്. ദേശീയ സേവാഭാരതി കേരളം വൈസ് പ്രസിഡന്റ് ഡി. വിജയൻ, ഐ ടി കോഓർഡിനേറ്റർ ശ്രീകുമാർ ജി എന്നിവർ രാംകുമാർ ഷേണായിയിൽ നിന്നും തുക ഏറ്റുവാങ്ങി. ബി എം എസ് ജില്ലാ പ്രസിഡന്റ് എ സി കൃഷ്ണൻ, വി എച് പി ജില്ലാ സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, വത്സൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post