നാഗ്പൂർ : ബംഗ്ലാദേശിലെ കലാപഭൂമിയിൽ കഴിയുന്ന ഹിന്ദു, ബുദ്ധ വിഭാഗത്തിന്റെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ഭാരതത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ. ബംഗ്ലാദേശിൽ സർക്കാരിനെതിരെ എന്ന പേരിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ ന്യൂനപക്ഷ കൂട്ടക്കുരുതികൾക്ക് കാരണമാകുന്നതിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കടുത്ത ആശങ്കയുണ്ടെന്നും ഹൊസബാലെ വ്യക്തമാക്കി. ഭാരതത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾ വലിയ ആക്രമണങ്ങൾക്കാണ് ഇരയാകുന്നത്. സ്ത്രീകൾക്കെതിരെ ഹീനമായ കുറ്റകൃത്യങ്ങൾ അരങ്ങേറുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുന്നു, ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും കടകളും കൊള്ളയടിക്കപ്പെടുന്നു. ഇതെല്ലാം അസഹനീയമായ കാഴ്ചയാണ്. ഇത്തരം ദുഷ്പ്രവർത്തികളെ ആർഎസ്എസ് അതിശക്തമായി അപലപിക്കുന്നു എന്നും ദത്താത്രേയ ഹൊസബാലെ വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഈ സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിന്ന് ബംഗ്ലാദേശിലെ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കണം. ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്റെ ജീവനും സ്വത്തും മാനവും സംരക്ഷിക്കാൻ ഭാരതസർക്കാർ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും ദത്താത്രേയ ഹൊസബാലെ ആവശ്യപ്പെട്ടു.
Discussion about this post