വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിൽ. ഉരുൾപൊട്ടൽ നടന്ന ദുരന്തമേഖല സന്ദർശിക്കും. നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നത്. അവിടെനിന്ന് ഹെലികോപ്റ്ററിൽ ആയിരിക്കും ദുരന്ത മേഖലയിൽ ആകാശ നിരീക്ഷണം നടത്തുക.
12.15 ന് ദുരന്തം ഉണ്ടായ മേഖലയിൽ എത്തും എന്നാണ് വിവരം. പ്രദേശത്തെ പുനരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും സന്ദർശിക്കും. കൂടാതെ ദുരിതബാധിതരുമായി സംസാരിക്കുകയും തുടർന്ന് മീറ്റിംഗ് നടത്തും എന്നാണ് വിവരം.
കേരളത്തിൽ എത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പര്യടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടാകും.
ശനിയാഴ്ച രാവിലെ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 3 : 30 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. വയനാട് ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നുള്ള കാര്യം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ആയിരിക്കും തീരുമാനിക്കുക.
ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്തമുഖത്തുനിന്ന് സൈന്യം മാത്രമാണ് മടങ്ങിയത് എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.
Discussion about this post