ഭോപ്പാൽ; ഭാര്യ കൃത്യസമയത്ത് ഭക്ഷണം ഉണ്ടാക്കാത്തും വീട്ടിലെ ജോലികളിൽ സഹായിക്കാൻ ആവശ്യപ്പെടുന്നതും ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ പെടില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി.ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. 306 -ാം വകുപ്പ് പ്രകാരമായിരുന്നു ഭാര്യയ്ക്കെതിരെ കുറ്റം ചുമത്തിയത്. ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിസ്സാരമാണെന്നും കുടുംബപ്രശ്‌നങ്ങൾ എല്ലാ വീടുകളിലും നടക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഗീതയെന്ന സ്ത്രീയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ധാർ (എംപി)യിലെ രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗവൺമെന്റ് സ്‌കൂൾ അദ്ധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2023 ഡിസംബർ 27 -ന് സംഗീതയുടെ ഭർത്താവ് അവരുടെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 21 ദിവസത്തിനു ശേഷം 2024 ജനുവരി 16 -ന് സംഗീതയ്ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
സംഗീത അവരുടെ സഹോദരന്റെ വിവാഹത്തിന് നൃത്തം ചെയ്തു, ഭർത്താവിനെ കൊണ്ട് പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രം അലക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനാവശ്യപ്പെട്ടു. ഇതൊക്കെയാണ് സംഗീതയുടെ ഭർത്താവിനെ നിരാശനാക്കിയത് എന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കാണിച്ചാണ് അവൾക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ ഇതൊക്കെ ആരോപണങ്ങൾ മാത്രമാണെന്നും ആത്മഹത്യ കുറിപ്പ് പോലുമില്ലെന്നും യവതിയുടെ അഭിഭാഷകൻ വാദിച്ചു.
Discussion about this post