നല്ല ചൂട് ചോറിന്റെ കൂടെ ഇത്തിരി മീൻ കറിയോ വറുത്തതോ ഉണ്ടെങ്കിൽ ഗംഭീരം എന്ന് പറയുന്നവരാണ് മലയാളികളിലധികവും. ചിലർക്കാണെങ്കിൽ ഇത്തിരി മീൻ ചാറില്ലാതെ ചോറ് ഇറങ്ങില്ല. കുടുംപുളിയിട്ട മുളകിട്ട മീൻ കറിയോ.. നല്ല തേങ്ങ ചേർത്തരച്ച കറിയോ എന്തുമാകട്ടെ മീൻ കറിയും ചോറും മലയാളിയ്ക്ക് ഒരു വികാരമാണ്. മത്സ്യത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല.കേരളത്തിന്റെ ഒരു ഭാഗം മുഴുവനും കടലായതിനാലും നമ്മുടെ നാട്ടിലെ നന്ദികളും കായലുകളുമെല്ലാം മത്സ്യസംപുഷ്ടമായതിനാലും മാത്സ്യത്തിന്റെ ലഭ്യതയും നമ്മുടെ നാട്ടിൽ ധാരാളമായുണ്ട്.
കരളിനെ സംരക്ഷിക്കുന്നു.
മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവർ അസുഖങ്ങളെ തടയാൻ സാധിക്കും.
അൽഷിമേഴ്സ് സാധ്യത കുറക്കുന്നു
60 വയസ്സ് കഴിഞ്ഞവർക് മറവി രോഗം വരൻ സാധ്യത കൂടുതലാണ്. എന്നാൽ ഈ സാധ്യതകളെ ഇല്ലാതാക്കുകയാണ് നമ്മുടെ പ്രിയ വിഭവമായ മീൻ. എന്നും മീൻ കഴിക്കുന്നത് മസ്തിഷ്‌കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്‌കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.
പോഷകഗുണം
നമ്മുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങൾ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കണം എന്നാണ് കണക്ക്.
ഹൃദയത്തിന് ഗുണകരം
ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഭക്ഷണവസ്തുവാണ് മത്സ്യം. ദിവസത്തിൽ ഒരു തവണയോ, അതിൽ കൂടുതലോ മത്സ്യം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കുന്നു
മീൻ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കേശങ്ങളുടെ സംരക്ഷണം
മത്സ്യത്തിലുള്ള കൊഴുപ്പ് മുടി വളരുന്നതിനും മൃദുവായ ചർമത്തിനും വളരെ നല്ലതാണ്. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാനും മത്സ്യം കഴിക്കുന്നത് ഉപകരിക്കും.
ഗുണമുള്ള മാംസം
മറ്റു മാംസവസ്തുക്കളെ അപേക്ഷിച്ച കൊഴുപ്പു കുറഞ്ഞതും പോഷക ഗുണം കൂടിയതുമായ മാംസമാണ് മത്സ്യം. ഒമേഗ 3, വിറ്റമിൻ ഉ എന്നിവയുടെ കലവറയാണ് ഇതെന്ന് സൂചിപ്പിച്ചുവല്ലോ. ശരീരത്തിന് ആവശ്യമായ മറ്റു പോഷക ഗുണങ്ങളും മത്സ്യത്തിലുണ്ട്.
കാഴ്ചകുറവ് പരിഹരിക്കുന്നു.
പ്രായമായവർ നേരിടുന്ന പ്രധാന പ്രശ്ങ്ങനളിൽ ഒന്നാണ് കാഴ്ച കുറവ്. ഇത് ഒരു പരിധി വരെ തടയാൻ മത്സ്യത്തിന് സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡാണ് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മുലപ്പാലിലൂടെ ഒമേഗ 3.യുടെ ഗുണങ്ങൾ കുട്ടിക്കും ലഭിക്കും. അയില,ചാള, സ്രാവ് തുടങ്ങിയ കടൽ മത്സ്യങ്ങളിൽ ധാരാളം എ,ഡി ജീവകങ്ങൾ അടങ്ങിയിരിക്കുന്നു.
മലയാളിയുടെ പ്രിയപ്പെട്ട മത്സ്യങ്ങളാണ് അയലയും മത്തിയും ഇവയുടെ ആരോഗ്യഗുണങ്ങൾ കേൾക്കുമ്പോൾ ഏതാണ് കേമൻ എന്ന് ആലോചിച്ച് പോകും.
അയലയുടെ ഗുണങ്ങൾ
വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാൽസ്യം അടിഞ്ഞു കൂടി ഹൃദയധമനികളിൽ ബ്ലോക്കില്ലാതിരിയ്ക്കാൻ വൈറ്റമിൻ കെ ഏറെ പ്രധാനമാണ്.ഇത് രക്തത്തിലെ കൊളസ്ട്രോൾ തോതു കുറയ്ക്കാൻ ഏറെ നല്ലതാണ്. മീൻ കറി വച്ചോ ഗ്രിൽ ചെയ്തോ കഴിയ്ക്കാൻ ശ്രദ്ധിയ്ക്കുക. സന്ധിവാതം പോലുള്ള രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വേദന മാറാൻ അയല എറെ നല്ലതാണ്. സൈറ്റോകിനീൻസ്, ല്യൂക്കോസൈറ്റ്സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിയ്ക്കുന്നത്.തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിൻ ബി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷൻ, ഓർമപ്രശ്നങ്ങൾ, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ്. നല്ലൊരു പ്രോട്ടീൻ ഉറവിടം കൂടിയാണ് അയല. ഇതുകൊണ്ടുതന്നെ വിശപ്പു കുറച്ചു തടി കുറയ്ക്കാൻ നല്ലത്. മസിലുകളുടെ വളർച്ചയ്ക്കും പ്രോട്ടീനുകൾ ഏറെ അത്യാവശ്യമാണ്. ഇതിനു പുറകെ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.അയലയിൽ വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് എനർജി വൈറ്റമിൻ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. സിങ്കിന്റെ നല്ലൊരു ഉറവിടം കൂടിയാണ് അയല. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തിന് ഇത് ഏറെ നല്ലതാണ്
മത്തിയുടെ ഗുണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി..ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്.അൽഷിമേഴ്സ് രോഗം, ഡിമെൻഷ്യ, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം തടയുന്നതിന് ഇത് വഴിയൊരുക്കി കൊടുക്കുന്നു. ഇതിൻറെ സപ്ലിമെന്റുകൾ കഴിക്കുന്നതുവഴി വിഷാദത്തിന്റെ ലക്ഷണങ്ങളെ വരെ നിയന്ത്രിച്ചുനിർത്താൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നുണ്ട്.
18 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തിക്ക് ആവശ്യമായ പ്രോട്ടീന്റെ പ്രതിദിന ആവശ്യകത 46-56 ഗ്രാം ആണ്. മത്തി പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സാണ്.ശരീരത്തിൻറെ പ്രത്യുൽപാദനം, തൈറോയ്ഡ് പ്രവർത്തനം, ഡിഎൻഎ ഉത്പാദനം എന്നിവയെ ബാധിക്കുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റാണ് സെലിനിയം. പ്രായപൂർത്തിയായ ഒരാളുടെ ഇതിൻറെ പ്രതിദിന ആവശ്യകത 55 മൈക്രോഗ്രാം (mcg) ആണ്. 100-ഗ്രാം മത്തി കഴിക്കുന്നതു വഴി ഇത് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടം കൂടിയാണ് മത്തി. 100-ഗ്രാം മത്തിയിൽ 8.94 mcg വിറ്റാമിൻ B12-ന്റെ ഉറവിടം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുതിർന്ന വ്യക്തിക്ക് ദൈനംദിനം ആവശ്യമുള്ളതിന്റെ നാലിരട്ടിയാണ്
Discussion about this post