മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. വീട്ടുജോലി ചെയ്യുന്ന സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ലെന്നും അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കലാണെന്നും കാന്തപുരം വിഭാഗം എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം കുറിച്ചു.ഇതിനുള്ള ബോധം മതം പഠിച്ച സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ മക്കളെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അവര്‍ക്കിത് അത് മനസിലാകില്ലെന്നുംഅതിന് ഉത്തരവാദി രക്ഷിതാവാണെന്നുമായിരുന്നു വിമര്‍ശനം. സമുദായത്തിന് മാതൃകയാകേണ്ടവര്‍ ജാഗ്രത കൈവിടരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമര്‍ശം. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞിരുന്നു. ഇത് പരസ്യമായി തള്ളി മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു. ഫാത്തിമ നര്‍ഗീസിൻ്റെ വാക്കുകൾ അറിവില്ലായ്മ മൂലമാണെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ വാക്കുകൾ. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
സമസ്ത കാന്തപുരം വിഭാഗം കുറിപ്പിൻ്റെ പൂർണ രൂപം
‘സ്ത്രീ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല എന്ന് വാദിക്കുന്നവർ മുസ്‌ലിം സമുദായത്തിൽ ആരുമുള്ളതായി അറിവില്ല. എന്തിനു പ്രവേശിക്കുന്നു എന്നതിലാണ് തർക്കമുള്ളത്. മക്കയിലെ മസ്ജിദുൽ ഹറമിനകത്താണ് ത്വവാഫ് നടക്കുന്നത്. അവിടെ സ്ത്രീകളെ കൊണ്ടു
പോകുന്നവരാണ് സുന്നികൾ. മദീനയിൽ പ്രവാചകരുടെ പള്ളിയിൽ സിയാറത്തിന് വേണ്ടിയും സഹോദരിമാർ പോകുന്നുണ്ട്. എന്നാൽ ദിവസവും നടക്കുന്ന അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കാൻ സ്ത്രീകൾ പോകേണ്ടതില്ല. അത് പുരുഷന്മാരുടെ ഉത്തരവാദിത്തമാണ്. ഇതാണ് പാരമ്പര്യ മുസ്ലിംകൾ പറയുന്നത്.
ഇത് തിരുനബി (സ്വ) അങ്ങനെ പഠിപ്പിച്ചതു കൊണ്ടാണ്. പിന്നെ സ്ത്രീകൾക്കോ മറ്റോ ഏതെങ്കിലും തരത്തിലുള്ള കുഴപ്പം സംഭവിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ നിസ്കാരത്തിന് വേണ്ടി വീട് വിട്ടുപോകൽ നിഷിദ്ധവുമാണ്. സ്ത്രീകൾക്ക് ജുമുഅ, ജമാഅത്തുകൾ ബാധ്യതയല്ലെന്നും
അവർക്ക് നിസ്കാരത്തിന് ഉത്തമം അവരുടെ വീടാണെന്നും മുത്ത് നബി (സ്വ) തീർത്തുപറഞ്ഞ കാര്യമാണ്. ചിലർ തെറ്റുധരിച്ചത് പോലെ ഇത് സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായ വിഷയമല്ല.മതത്തിൻ്റെ പ്രകടമായ അടയാളം വെളിവാക്കാനുള്ള ഉത്തരവാദിത്വമാണ്.സ്ത്രീകളുടെ പ്രകൃതി
പരമായ മറ്റു ബാധ്യതകൾ പരിഗണിച്ച് അവർക്ക് ഇതിൽ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം മതം അനുവദിക്കുകയാണ്.
ഗർഭം ചുമക്കുന്ന, പ്രസവിച്ചു രണ്ടു വർഷം മക്കൾക്ക് മുലയൂട്ടുന്ന, അതിന്ശേ ഷവും അവരെ പരിചരിക്കുന്ന,താമസിക്കുന്ന വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ,ഈ തിരക്കുകൾക്കിടയിൽ ദിവസവും അഞ്ചു നേരം ഉടുത്തൊരുങ്ങി പള്ളിയിൽ പോകണം എന്ന് പറഞ്ഞാൽ അത് സ്വാതന്ത്ര്യമല്ല, അമിത ഭാരം ചുമക്കാൻ നിർബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതം പഠിച്ച മുസ്‌ലിം സ്ത്രീകൾക്കുണ്ട്. മതവിക്ഞാനം ആവശ്യമായ അളവിൽ നൽകാതെ മക്കളെ ലിബറൽ പരിസരങ്ങളിൽ മേയാൻ വിട്ടാൽ അവർക്കിത് ത്മനസ്സിലാവണമെന്നില്ല . അതിന് ഉത്തരവാദി രക്ഷിതാവാണ്. സമുദായത്തിന് മാതൃകയാകേണ്ടവർ ജാഗ്രത കൈവിടരുത്.










Discussion about this post