ന്യൂഡൽഹി: ലോ സ്പീഡ് ടാക്‌സി ട്രയലും ഹൈ സ്പീഡ് ടാക്‌സി ട്രയലും വിജയകരമായി പൂർത്തിയാക്കി ഇന്ത്യയുടെ സ്വന്തം എഫ്ഡബ്യൂഡി-200 ബി. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ബോംബർ യുഎവി( അൺമാൻഡ് ഏരിയൽ വെഹിക്കിൾസ്) കഴിഞ്ഞ മെയിലാണ് രാജ്യം പുറത്തിറക്കിയത്. ആകാശത്തിലൂടെ പറന്നുകൊണ്ടുള്ള പരീക്ഷണം കൂടി പൂർത്തിയാക്കിയാൽ യുഎവിയുടെ പ്രശസ്തി വാനോളം ഉയരും. ഫ്ളെയിങ് ടെസ്റ്റ് കൂടി വിജയിച്ചാൽ പ്രതിരോധ വിപണിയിൽ ഇന്ത്യൻ നിർമിത എഫ്ഡബ്ല്യുഡി-200ബിയുടെ മൂല്യം കുതിച്ചുയരും.
ഫ്ളെയിങ് വെഡ്ജ് ഡിഫെൻസ് ആന്റ് എയറോസ്പേസ് എന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പാണ് തദ്ദേശീയമായി സൈനിക വിഭാഗത്തിൽ പെടുന്ന ബോംബർ യുഎവിയായ എഫ്ഡബ്ല്യുഡി-200ബി നിർമിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു എഫ്ഡബ്ല്യുഡി-200ബി ട്രാക്കിൽ ഓടിച്ചുകൊണ്ട് പരീക്ഷണം നടത്തിയത്.
100 കിലോഗ്രാം പേ ലോഡ് ശേഷിയുള്ള എഫ്ഡബ്ല്യുഡി-200ബി MALE അൺമാൻഡ് കോംപാക്ട് ഏരിയൽ വെഹിക്കിൾ(മീഡിയം ഓൾട്ടിറ്റിയൂഡ്, ലോങ് എൻഡ്യുറൻസ്) വിഭാഗത്തിൽ പെടുന്നതാണ്. വ്യോമ നിരീക്ഷണത്തിനു പുറമേ മിസൈലുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിനും ഇത് ഉപയോഗിക്കാനാവും. പരമാവധി വേഗത മണിക്കൂറിൽ 370 കീമി. 12-20 മണിക്കൂർ നിർത്താതെ പറക്കാനാവുന്ന എഫ്ഡബ്ല്യുഡി-200ബിയെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നും 200 കീമി ദൂരം വരെ നിയന്ത്രിക്കാനാവും
തദ്ദേശീയമായി യുഎവികൾ നിർമിക്കാനായാൽ വലിയ തോതിൽ ചിലവു കുറക്കാൻ ഇന്ത്യൻ പ്രതിരോധമേഖലക്ക് സാധിക്കും. അമേരിക്കൻ നിർമിത പ്രഡേറ്റർ യുഎവികൾക്ക് 250 കോടി രൂപയോളം വില വരുമെങ്കിൽ തദ്ദേശീയമായി നിർമിക്കുന്ന എഫ്ഡബ്ല്യുഡി-200ബിക്ക് 25 കോടി രൂപ മാത്രമാണ് വില വരിക.ഇലക്ട്രോണിക് സിറ്റിയിൽ 1.5 ഏക്കറിൽ 12,000 ചതുരശ്ര അടിയിലുള്ള നിർമാണ കേന്ദ്രത്തിലാണ് എഫ്ഡബ്ല്യുഡി-200ബി നിർമിച്ചത്.
Discussion about this post