ന്യൂഡൽഹി : വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുകയാണ്. 78ാം സ്വാതന്ത്ര്യ ദിനത്തിനാണ് രാജ്യം കാത്തിരിക്കുന്നത്.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെയാകും രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ രീതിയാണ് തുടരുന്നത് .11-ാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ഐതിഹാസികമായ ചെങ്കോട്ടയിൽ നടക്കുന്ന മഹത്തായ ആഘോഷത്തിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളെയും ക്ഷണിക്കും. കർഷകർ , സ്ത്രീകൾ , യുവാക്കൾ , സാധാരണക്കാർ എന്നിവർ അതിഥികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഗസ്റ്റ് 15-ന് നടക്കുന്ന ആഘോഷത്തിനായി ഈ ഗ്രൂപ്പുകളിൽ നിന്ന് ഏകദേശം 4,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ഈ അതിഥികളെ 11 വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളെയും സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. 18,000-ത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Discussion about this post