ബംഗളൂരു: കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർഗേറ്റുകളിലൊന്ന് തകരാറിലായത് ഏറെ ആശങ്കയോടെയാണ് ആളുകൾ കേട്ടത്. കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ ഏറ്റവും വലിയ സുർക്കി അണക്കെട്ടാണ് തുംഗഭദ്ര. ശർക്കരയും കരിമ്പിൻനീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ലിൽ കെട്ടിയുണ്ടാക്കിയ അണക്കെട്ട്.
കർണാടകയിലെ വിജയനഗര, കൊപ്പാൽ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് തുംഗഭദ്ര. പ്രദേശത്തെ ജലക്ഷാമവും കൃഷി ആവശ്യങ്ങളും പരിഗണിച്ചാണ് 1860ൽ ബ്രിട്ടിഷുകാർ തുംഗഭദ്ര നദിക്ക് കുറുകെ അണക്കെട്ട് പണിയാൻ തീരുമാനിച്ചത്. പിന്നീട് ഹൈദരാബാദ് രാജ്യവും ബ്രിട്ടിഷ് മദ്രാസ് പ്രവിശ്യയും 1944ൽ ഇതു സംബന്ധിച്ച കരാറിൽ എത്തിയതോടെ അണക്കെട്ടിന്റെ പണി ആരംഭിച്ചു. 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ചതോടെ അണക്കെട്ടിന്റെ കരാർ ഹൈദരാബാദ്, മൈസൂർ സംസ്ഥാനങ്ങൾ തമ്മിലായി. വേപ്പ കൃഷ്ണമൂർത്തി, പള്ളിമല്ലി പാപ്പയ്യ, തിരുമല അയ്യങ്കാർ എന്നിവരായിരുന്നു തുംഗഭദ്രയുടെ ശിൽപികൾ. ഏകദേശം 16.96 കോടി രൂപ ചെലവിൽ പണി തീർത്ത തുംഗഭദ്ര 1953ൽ കമ്മിഷൻ ചെയ്തു. 2.45 കിലോമീറ്റർ നീളത്തിൽ 49.5 മീറ്റർ ഉയരത്തിലാണ് തുംഗഭദ്ര അണക്കെട്ട്.
378 ചതുരശ്ര കിലോമീറ്ററാണ് ഡാമുൾപ്പെടുന്ന മേഖലയുടെ ആകെ വിസ്തൃതി. 1957ൽ തുംഗഭദ്രയിൽ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു. 9 മെഗാവാട്ട് ശേഷിയായിരുന്നു തുടക്കത്തിൽ തുംഗഭദ്രയിൽ ഉണ്ടായിരുന്നത്. പിന്നീടിത് ഘട്ടംഘട്ടമായി വർധിപ്പിച്ചു. നിലവിൽ 127 മെഗാവാട്ടാണ് ആകെ ശേഷി.അണക്കെട്ടിനോട് ചേർന്നാണ് പൈതൃക നഗരമായ ഹംപി സ്ഥിതി ചെയ്യുന്നത്. റിസർവോയറിന്റെ ഇടതു ഭാഗത്തുനിന്ന് ആരംഭിക്കുന്ന കനാലുകളിലൂടെയാണ് കർണാടകയിലേക്ക് ജലസേചനത്തിന് ആവശ്യമായ വെള്ളം നൽകുന്നത്. റിസർവോയറിന്റെ വലതുഭാഗത്ത് നിന്നാരംഭിക്കുന്ന രണ്ട് കനാലുകളിൽ ഒന്ന് കർണാടകയിലേക്കും മറ്റൊന്ന് ആന്ധ്രപ്രദേശിലെ റായലസീമ മേഖലയിലേക്കും പോകുന്നുണ്ട്.
തുംഗഭദ്ര അണക്കെട്ടിൻറെ ഒരു ഷട്ടറാണ് തകർന്നത്. പൊട്ടിയ 19ാം ഗേറ്റിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്കൊഴുകി. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. അണക്കെട്ട് തകരുന്നത് ഒഴിവാക്കാൻ 33 ഗേറ്റുകളും തുറന്നതായി അധികൃതർ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം കൺമുന്നിലുള്ളതിനാൽ ഇനി റിസ്‌ക് എടുക്കാൻ വയ്യെന്നാണ് ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. ഇതിനിടെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദിരാശി സർക്കാരും നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ 999 വർഷത്തെ പാട്ടക്കരാറും,അതിന്റെ തുടർച്ചയായി 1970-ൽ കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയ സപ്ലിമെന്ററി കരാറും നിലനിൽക്കുമോ എന്ന വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കാൻ തയ്യാറായതാണ് കേരളത്തെ സംബന്ധിച്ച് അനുകൂല സഹാചര്യമായി മാറി. സംസ്ഥാനത്തെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പൊതുജനത്തിന്റെ ന്യായമായ ആശങ്ക കൃത്യമായി പരിഹരിക്കപ്പെടുമെന്നും കേരളത്തിന്റെ അഭ്യർത്ഥന സുപ്രീംകോടതി മുഖവിലയ്‌ക്കെടുക്കുമെന്നുമാണ് പ്രതീക്ഷ.
Discussion about this post