ന്യൂഡൽഹി: ഇന്ത്യയോട് കൂടുതൽ അടുക്കാനുള്ള ശ്രമങ്ങള് തുടർന്ന് ദ്വീപ് രാഷ്ട്രമായ മാലിദ്വീപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷിബന്ധവും മുൻപുള്ളതുപോലെ ദൃഢമാക്കണമെന്നാണ് മാലിദ്വീപ് ഭരണാധികാരികൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ഇത് ചൈനയ്ക്ക് മേൽ ഇന്ത്യ നേടുന്ന നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ നടത്തിയ മാലിദ്വീപ് സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തിയേകി. ഉജ്ജ്വലമായ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവെച്ചു. കൂടാതെ ആറ് ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്റ്റുകളും (എച്ച്ഐസിഡിപി) ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ അധികമായി 1,000 മാലദ്വീപ് സിവിൽ സർവീസ് ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള കരാറുകളും മാലദ്വീപിൽ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറുകളും കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങളിൽ ഉൾപ്പെടുന്നു.കൂടാതെ സ്പീച്ച് തെറാപ്പി, വിദ്യാഭ്യാസം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളും ഇരുരാജ്യങ്ങളും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
മാലദ്വീപിലെ 28 ദ്വീപുകളിൽ ജല, മലിനജല ശൃംഖലയുടെ സഹായ പദ്ധതിയായ ‘ലൈൻ ഓഫ് ക്രഡിറ്റ്’ പ്രസിഡന്റ് മുഹമ്മദ് മൂയിസുവിന്റെ സാന്നിദ്ധ്യത്തിൽ എസ് ജയ്ശങ്കറും മാലദ്വീപ് വിദേശകാര്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 28 ദ്വീപിലെയും വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകും.28 ദ്വീപുകളിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയോട് പ്രസിഡന്റ് മുയിസു അഭ്യർത്ഥിക്കുകയും ഇന്ത്യ അതിന് സമ്മതം അറിയിക്കുകയുമായിരുന്നു.മാലിദ്വീപിൽ യുപിഐ സേവനം ആരംഭിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
അതേസമയം, ബന്ധം വഷളായതിനെത്തുടർന്ന് ഇത്തവണത്തെ കേന്ദ്രബജറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ മാലദ്വീപിനുള്ള സഹായത്തിൽ 48 ശതമാനം കുറവു വരുത്തിയിരുന്നു. നിലവിലെ സാമ്പത്തിക വിഹിതം 400 കോടി രൂപയായാണ് ചുരുക്കിയത്. കഴിഞ്ഞ വർഷം നൽകിയ 770 കോടി അനുവദിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. അന്ന് മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവച്ചതോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കമായത്. പിന്നാലെ ഇന്ത്യക്കാർ മാലിദ്വീപിനെ ബഹിഷ്‌കരിക്കുകയും ബുക്ക് ചെയ്ത അവധിക്കാല ടിക്കറ്റുകൾ വരെ ക്യാൻസൽ ചെയ്യുകയുമായിരുന്നു. ഇതോടെ മാലദ്വീപിന്റെ ടൂറിസം മേഖലയിൽ കനത്ത തിരിച്ചടിയുണ്ടായി. പിന്നീട് രാജ്യത്തിന്റെ ടൂറിസത്തിന്റെ ഭാഗമാകാൻ മാലദ്വീപ് അഭ്യർത്ഥിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ കടന്നിരുന്നു.
Discussion about this post