തിരുവനന്തപുരം; അച്യുതമേനോൻ സർക്കാരിനെ ഇടത് ഇതര സർക്കാരായി ചിത്രീകരിക്കുന്നതിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിയന്തരാവസ്ഥ തെറ്റാണെന്ന് സിപിഐ പറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും അച്യുതമേനോനെ അതുമായി കൂട്ടിക്കെട്ടുന്നത് ബോധപൂർവമാണെന്നും ബിനോയ് വിശ്വം വിമർശിച്ചു. തലസ്ഥാനത്ത് സ്ഥാപിച്ച സി അച്യുതമേനോൻ പ്രതിമയുടെ അനാഛാദനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളശിൽപിയെന്ന് പലരെയും പറയാമെങ്കിലും ആദ്യം പറയേണ്ടത് അച്യുത മേനോന്റെ പേര് തന്നെയാണെന്ന് സമർത്ഥിച്ച് കൊണ്ടായിരുന്നു സിപിഐഎമ്മിനെതിരായ പരോക്ഷ വിമർശനം. സത്യം രേഖപ്പെടുത്തേണ്ട ചരിത്രകാരന്മാരും അച്യുതമേനോൻ സർക്കാരിനെ ഇടത് സർക്കാരെന്ന് പറയാൻ തയാറാകുന്നില്ലെന്നും സിപിഐ സെക്രട്ടറി കുറ്റപ്പെടുത്തി. കോൺഗ്രസുമായി ചേർന്ന് കേരളം ഭരിച്ച സി അച്യുതമേനോൻ സർക്കാരിനെ അംഗീകരിക്കാൻ കൂട്ടാക്കാത്തത് സിപിഐഎം ആയതിനാൽ പാർട്ടിയെ ലക്ഷ്യം വെച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പരോക്ഷ വിമർശനങ്ങളത്രയും.
നവകേരള ശിൽപ്പി എന്ന് പലരെയും പറയാം, എന്നാൽ ആദ്യം പറയേണ്ട ഏറ്റവും ശക്തമായ പേര് സി അച്യുതമേനോന്റേത് തന്നെയാണ്. ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത് അച്യുത മേനോനാണ്. ലക്ഷം വീട് പദ്ധതിയും അച്യുത മേനോനാണ് കൊണ്ടുവന്നത്. പക്ഷേ അച്യുത മേനോൻ സർക്കാരിനെ ചില ചരിത്രകാരന്മാർ വിസ്മരിക്കുകയാണ്. അവരുടെ കണ്ണിൽ 1957 ഉം 1967 ഉം കഴിഞ്ഞാൽ ഇടത് സർക്കാർ അധികാരത്തിൽ വരുന്നത് 1980 ലാണ്. അച്യുത മേനോൻ സർക്കാർ ഇടത് സർക്കാർ എന്ന് പറയാൻ അവർക്ക് മടിയാണ്. ഇത് ബോധപൂർവമാകാം അല്ലായിരിക്കാം. ചരിത്രം ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചാകരുത്. ചരിത്രം സത്യം തന്നെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാന്തരം പോരാളിയായ കമ്യൂണിസ്റ്റ് ദീർഘവീക്ഷണമുള്ള മനുഷ്യ സ്‌നേഹിയായ ഭരണാധികാരിയായിരുന്നു അച്യുതമേനോൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post