ന്യൂഡൽഹി; പാരീസ് ഒളിമ്പിക്‌സിന് സമാപനമായതോടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങളായ നീരജ് ചോപ്രയെ കുറിച്ചും മനു ഭാക്കറെ കുറിച്ചുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച. ജാവിലിൻ ത്രോ താരവും ഷൂട്ടറും വിവാഹിതരാകുന്നുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. പാരീസ് ഗെയിംസിന്റെ സമാപനശേഷമുള്ള പരിപാടിയിൽ നീരജ് ചോപ്രയും മനു ഭാക്കറും മനുവിന്റെ അമ്മയും പരസ്പരം കണ്ടുമുട്ടിയതും മൂവരും ചേർന്നുള്ള നിമിഷങ്ങളുമാണ് ഊഹോപോഹങ്ങളിലേക്ക് ആരാധകരെ എത്തിച്ചത്
ചർച്ച കൊഴുത്തതോടെ ഇരുതാരങ്ങളുടെയും വീട്ടുകാർ രംഗത്തെത്തി. മകളുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും തള്ളിയ മനുവിന്റെ പിതാവ് രാം കിഷൻ ദൈനിക്, അവളുടെ ജീവിതത്തിലെ അത്തരമൊരു നിമിഷത്തിനുള്ള പ്രായം മനുവിനായിട്ടില്ലെന്നും പറഞ്ഞു. ”മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. വിവാഹപ്രായം ആയിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മനുവിന്റെ അമ്മയ്ക്ക് നീരജ് മകനെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹവാർത്തകളിൽ നീരജിന്റെ അമ്മാവനും പ്രതികരിച്ചു. നീരജ് മെഡൽ സ്വന്തമാക്കിയത് രാജ്യം മുഴുവൻ അറിഞ്ഞിരുന്നു. അതുപോലെ നീരജ് വിവാഹിതനാകുമ്പോഴും എല്ലാവരും അറിയും’- നീരജിന്റെ അമ്മാവൻ ഭീം ചോപ്ര വ്യക്തമാക്കി.
Discussion about this post