അഗർത്തല: ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി. സംസ്ഥാന വ്യാപകമായി പകുതിയിലധികം സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ എട്ടാം തിയതിയായിരുന്നു സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.
പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ദുൽക്കി റൂറൽ ഡെലവലപ്‌മെന്റ് ബ്ലോക്കിൽ രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ സീറ്റുകളും ബിജെപി സ്വന്തമാക്കി. തിപ്ര മോദ പാർട്ടിയിൽ നിന്നാണ് ഈ സീറ്റുകൾ ബിജെപി സ്വന്തമാക്കിയത്. പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ 17 സിലാ പരിഷതുകളാണ് ഉള്ളത്. ഇതിൽ മുഴുവനും ബിജെപി വിജയിച്ചു. ഉനക്കോട്ടി ജില്ലയിലും വടക്കൻ ത്രിപുര ജില്ലയിലും ഉജ്ജ്വലമായ മുന്നേറ്റം ആയിരുന്നു ബിജെപി കാഴ്ചവച്ചത്.
ആകെ 6370 ഗ്രാമപഞ്ചായത്ത് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 4550 സീറ്റുകളും ബിജെപി എതിരില്ലാതെ നേടിയിരുന്നു. 1818 സീറ്റുകളിലേക്ക് ആയിരുന്നു വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 1818 സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.
423 പഞ്ചായത്ത് സമിതി സീറ്റുകളിൽ 244 സീറ്റുകൾ ബിജെപി എതിരില്ലാതെ നേടി. ബാക്കിയുള്ള 189 സീറ്റുകളിൽ 188 ലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. മത്സരിച്ചതിലും ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിച്ചു.
116 സൽമി പരിഷത് സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സീറ്റുകളിലേക്ക് ആയിരുന്നു വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതിലും ഭൂരിഭാഗം സീറ്റുകളും നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു.
2019 ലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം ആയിരുന്നു ബിജെപി സ്വന്തമാക്കിയത്. ആകെ സീറ്റുകളിൽ 95 ശതമാനവും കൈപ്പിടിയിൽ ഒതുക്കികൊണ്ടായിരുന്നു 2019 ലെയും ബിജെപിയുടെ തേരോട്ടം.
Discussion about this post