എറണാകുളം: കെകെ ശൈലജയ്‌ക്കെതിരായ കാഫിർ പരാമർശമടങ്ങിയ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഇടത് സൈബർ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വടകര എസ്എച്ച്ഒ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
റെഡ് എൻകൗണ്ടേഴ്‌സ് എന്ന വാടസ് ആപ്പ് ഗ്രൂപ്പാണ് സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം എന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. റിബീഷ് രാമകൃഷ്ണൻ എന്നയാളാണ് ഈ സ്‌ക്രീൻ ഷോട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടത്. ഇത് എവിടുന്ന് ലഭിച്ചു എന്ന കാര്യം റിബീഷ് പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം കണ്ടെത്തുന്നതിനായി റിബീഷിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
റെഡ് എൻകൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പിൽ നിന്നും അമൽ രാമചന്ദ്രനാണ് റെഡ് ബെറ്റാലിയൻ എന്ന ഗ്രൂപ്പിൽ ഇത് പ്രചരിപ്പിച്ചത്. ഇവിടെ നിന്നുമാണ് പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് സ്‌ക്രീൻ ഷോട്ട് ലഭിച്ചത് എന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തിൽ പോലീസ് മെറ്റ കമ്പനിയ്‌ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ് അപ് വിവരങ്ങൾ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേർത്തത്.
Discussion about this post