ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസിന്റെ ക്യാപ്റ്റനാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.
ദോഡയിലെ അസർ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഭൗതികദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ശിവഗഗ്- അസ്സർ ബെൽറ്റിലെ ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാ സേന ഇവിടേയ്ക്ക് എത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഇവരെ ഭീകര സംഘം ആക്രമിക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
നിലവിൽ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. നാല് ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post