മഴക്കാലമായതോടെ കൊതുക് ശല്യം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. വൈകുന്നേരമായാൽ ജനലും വാതിലുമെല്ലാം അടച്ചിട്ട് പലരും വീടിനുള്ളിൽ ഒതുങ്ങിക്കൂടും. പുറത്ത് പോയാലുള്ള കൊതുക ശല്യം പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചില സമയങ്ങളിൽ കൂട്ടത്തിൽ നിൽക്കുമ്പോഴും കൊതുകുകൾ നിങ്ങളെ മാത്രം ലക്ഷ്യമിട്ട് കടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? കൂട്ടുകാരോ ബന്ധുക്കളോ അടുത്ത് നിൽക്കുന്നുണ്ടെങ്കിലും അവരെയൊന്നും കടിക്കാതെ ചിലപ്പോൾ കൊതുക് നിങ്ങളെ മാത്രമാകും കടിക്കുക. ഇതിന് കാരണം കൊതുകിനെ ആകർഷിക്കുന്ന ചിലത് നമ്മുടെ ശരീരത്തിൽ ഉള്ളത് കൊണ്ടാണ് എന്നാണ് ഹെൽത്ത് കോച്ച് ആയ ഉർവശി അഗർവാൾ പറയുന്നത്.
കൊതുകുകൾ ഒരാളെ ലക്ഷ്യം വെച്ച് ആക്രമിക്കാൻ അഞ്ച് കാരണങ്ങൾ ഉണ്ടെന്ന് ഉർവശി അഗർവാൾ പറയുന്നു.
നിങ്ങൾ എന്താണോ കഴിക്കുന്നത് അത്, കൊതുകുകൾ നിങ്ങളെ തേടി എത്താൻ കാരണമാകാം എന്ന് വിദഗ്ധ പറയുന്നു. പഞ്ചസാര കലർന്ന ഭക്ഷണവും മദ്യവുമെല്ലാം ശരീരത്തിലെ ദുർഗന്ധം വർദ്ധിപ്പിക്കുകയും ഇത് കൊതുകുകളെ ആകർഷിക്കുകയും ചെയ്യും. ചില ഭക്ഷണങ്ങൾ ശരീരത്തിന്റെ താപനിലയിൽ മാറ്റമുണ്ടാക്കും. ഇതും നിങ്ങളെ തേടി കൊതുകുകൾ പറന്നെത്താൻ കാരണമാകും.
അടുത്തത് നിങ്ങളുടെ കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സംതുലിതമായ ഗട്ട് മൈക്രോബയോം നിങ്ങളുടെ ചർമ്മത്തിലെ മൈക്രോബയോമിനെ സ്വാധീനിക്കുന്നുണ്ട്. കുടലിന്റെ പ്രവർത്തനം മികച്ച രീതിയിൽ ആണെങ്കിൽ അത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമാക്കി വെയ്ക്കുകയും, കൊതുകുകളെ ആകർഷിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ഭക്ഷണക്രമം, ആരോഗ്യം, ജനിതകമായി ലഭിച്ച ഗുണങ്ങൾ എന്നിവ ശരീരത്തിലെ ദുർഗന്ധത്തെ സ്വാധീനിക്കും. ശരീരം ഉൽപാദിപ്പിക്കുന്ന ലാക്റ്റിക് ആസിഡും അമോണിയയും കൊതുകുകളെ ആകർഷിക്കുന്നവയാണ്. ചില ആളുകളുടെ ശരീരത്തിൽ ഇതിന്റെ ഉത്പാദനം കുറവായിരിക്കും എന്നാൽ മറ്റ് ചിലരിൽ കൂടുതലാവും. ഇത്തരക്കാരെയാണ് കൊതുകുകൾ ലക്ഷ്യം വെച്ച് ആക്രമിക്കുക.
ഹൈ മെറ്റബോളിക് റേറ്റ് എന്നതിനർത്ഥം ശരീരം അധികം കാർബൺ ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുന്നു എന്നതാണ്. അകലെ നിന്ന് വരെ കൊതുകുകൾക്ക് ഇത് തിരിച്ചറിയാനാകും. നിങ്ങൾ എൻർജി കൂടുതലുള്ള അല്ലെങ്കിൽ മെറ്റബോളിക് റേറ്റ് കൂടുതലുള്ള ആളാണെങ്കിലും കൊതുകുകൾ എത്ര ദൂരെ നിന്ന് വേണമെങ്കിലും നിങ്ങളെ തേടി പറന്നെത്തും.
ശരീരത്തിൽ വീക്കം ഉണ്ടെങ്കിലും രോഗപ്രതിരോധ ശേഷി കുറവാണെങ്കിലും നിങ്ങളെ ലക്ഷ്യംവെച്ച് കൊതുകുകളെത്തും എന്നും ഹെൽത്ത് കോച്ച് പറയുന്നു.
പഞ്ചസാരയും മദ്യവും കുറയ്ക്കുന്നതും കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുന്നതും നിങ്ങളെ കൊതുക് കടിക്കുന്നതിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. ഇതോടൊപ്പം ശരീര ദുർഗന്ധം ഉളളവരാണെങ്കിൽ സ്ഥിരമായി എന്നും രണ്ട് നേരം കുളിക്കുന്നത് ശീലമാക്കണം.
Discussion about this post