തിരുവനന്തപുരം: അസാധ്യമെന്ന് കരുതിയ ഒരു സ്വപ്‌നമായിരുന്നു ആടുജീവിതം എന്ന് സംസ്ഥാന ചലചിത്ര പുരസ്‌കാര ജേതാവ് പൃഥ്വിരാജ്. നടക്കില്ലെന്ന് പലരും പറഞ്ഞ ചിത്രമായിരുന്നു ഇത്. ഈ ചിത്രം മാറ്റി വച്ച് മറ്റെന്തിങ്കിലും ചെയ്തൂടെ എന്ന് പോലും പലരും ചോദിച്ചിരുന്നു. അങ്ങനെയൊരു സ്വപ്‌നത്തിന്റെ പിന്നിൽ 16 വർഷക്കാലം നിന്ന് സംവിധായകൻ ബ്ലെസി അത് സാധ്യമാക്കിയെടുത്ത ചിത്രമാണ് ആടുജീവിതമെന്നും അദ്ദേഹം പറഞ്ഞു.
ഈ സിനിമ കടന്നു പോയ സാഹചര്യങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആടുജീവിതത്തിന് ലഭിച്ച ഓരോ അംഗീകാരങ്ങളും ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കുമുള്ള അംഗീകാരമാണ്. കൂട്ടായ്മയുടെ ഫലമാണ് ഈ ചിത്രം. ഒരുപാട് പേർ ഒരുപാട് വർഷങ്ങൾ ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചതിന്റെ അന്തിമഫലമാണ് ഈ സിനിമ. ഏറ്റവും കൂടുതൽ സന്തോഷം ബ്ലെസിക്ക് കിട്ടിയ അവാർഡിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ സിനിമ തീയറ്ററുകളിൽ ഇറങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആടുജീവിതത്തിന് തന്ന സ്‌നേഹമാണ് ഏറ്റവും വലിയ അംഗീകാരം. ഇപ്പോൾ ഇങ്ങനെ അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
എല്ലാ സിനിമൾക്കും പിന്നിൽ വലിയ എഫർട്ട് ഉണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ആടുജീവിതത്തിന് വേണ്ടിയുള്ള എഫർട്ട് വളരെ വലുതായിരുന്നു. ആ എഫർട്ടിന് ഇത്രയും അധികം അംഗീകാരങ്ങൾ ലഭിക്കുന്നതിൽ അഭിമാനമുണ്ട്. ഈ അംഗീകാരത്തിന് പിന്നിൽ ബ്ലെസിയുടെ കഠിനാധ്വാനമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.












