ഇസ്സാമാബാദ്; ഏകദിന ബാറ്റർമാരുടെ പട്ടികയിൽ പാകിസ്താൻ ബാറ്റർ ബാബർ അസം ഒന്നാം റാങ്കിൽ തുടരുന്നത് പരിഹസിച്ച് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ 10 മാസമായി ഏകദിന ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത ബാബർ എങ്ങനെയാണ് ഒന്നാം നമ്പർ ബാറ്റർ ആകുന്നതെന്ന് ബാസിത് അലി ചോദിച്ചു. ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോലിയെയും ട്രാവിസ് ഹെഡിനെയും രചിൻ രവീന്ദ്രയെയുമെല്ലാം പിന്നിലാക്കിയാണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നതാണ് അത്ഭുതമെന്നും ബാസിത് അലി പറഞ്ഞു.യാതൊരു ഗുണവുമില്ലാത്ത റാങ്കിംഗിലൂടെ ഐസിസി വെറുതെ സമയം കളയുകയാണ്. ബാബറിനോട് നേരിട്ട് ചോദിച്ചാൽ പോലും ഒന്നാം റാങ്കുകാരനായി കോലിയുടെയോ ട്രാവിസ് ഹെഡിൻറെയോ രചിൻ രവീന്ദ്രയുടെയോ പോരാകും പറയുകയെന്നും അദ്ദേഹം പറഞ്ഞു.
‘ഐസിസി റാങ്കിങ് നോക്കിയപ്പോൾ അതു വായിക്കേണ്ട കാര്യമില്ലെന്നു എനിക്കു മനസിലായി. ബാബർ അസം തന്നെയാണ് ഇപ്പോഴും ഒന്നാം റാങ്കിൽ. രോഹിത്, കോഹ്ലി, ഗിൽ എന്നിവരേയും കണ്ടു. എന്നാൽ ട്രാവിസ് ഹെഡ്, രചിൻ രവീന്ദ്ര എന്നിവരെ കാണാനും സാധിച്ചില്ല. ഒന്നാം റാങ്കിൽ തുടരുന്നതിൽ ബാബർ സന്തുഷ്ടനായിരിക്കുമെന്നു ഞാൻ കരുതുന്നു. റാങ്കിങ് തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്താണ്.’
‘കഴിഞ്ഞ വർഷത്തെ ലോകകപ്പാണ് ബാബർ അവസാനം കളിച്ച ഏകദിനം. ലോകകപ്പിൽ രചിൻ, ക്വിന്റൻ ഡി കോക്ക്, ഹെഡ്, കോഹ്ലി എന്നിവരെല്ലാം തിളങ്ങിയത് കണ്ടു. ഇവരെല്ലാം മൂന്നോ നാലോ സെഞ്ച്വറികൾ ലോകകപ്പിൽ നേടി. പാക് നിരയിൽ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവർ ഓരോ സെഞ്ച്വറിയും നേടി. അവിടെയൊന്നും ബാബറിനെ ഞാൻ കണ്ടില്ല. ബാബർ ഇനി മികച്ച ഫോമിൽ കളിക്കരുത് എന്ന ഉദ്ദേശത്തിലാണോ ഐസിസി അദ്ദേഹത്തെ ഇങ്ങനെ ഒന്നാം റാങ്കിൽ തളച്ചിടുന്നത് എന്നും അറിയില്ല’- ബാസിത് അലി വ്യക്തമാക്കി.
Discussion about this post