വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തം ഉണ്ടായതിന് പിന്നാലെ ഏറഎറവും കൂടുതൽ ചർച്ചയായ വിഷയമാണ് മുല്ലപ്പെരിയാർ. എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന വൻദുരന്തമെന്ന് എല്ലാവരും ഭയപ്പെടുന്ന വാട്ടർ ബോംബ് തന്നെയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. എന്നാൽ, മുല്ലപ്പെരിയാർ അണക്കെട്ടിനേക്കാൾ അപകടകാരികളായ നിരവധി അണക്കെട്ടുകൾ കേരളത്തിലുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ്.
മുല്ലപ്പെരിയാർ വിഷയമെന്ന് പറയുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സോഹൻ റോയ് പറയുന്നു. കോൺക്രീറ്റ് ഡാമുകളുടെ ആയുസ് വെറും 50 വർഷം മാത്രമാണ്. എന്നാൽ, ഈ കാലഘട്ടം കഴിഞ്ഞാൽ, ഇവയ്ക്ക് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ആരും ചിന്തിച്ചുകണ്ടിട്ടില്ല. കേരളത്തിന്റൈ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നിരവധി ഡാമുകളുണ്ട്. ഇവയുടെ ഭാവിയെ കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാൽ, മറ്റ് ഡാമുകളെ വച്ച് നോക്കുമ്പോൾ മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ ഒരു ഗ്രാവിറ്റി ഡാം ആണ്. അതുകൊണ്ട് തന്നെ കുറേക്കാലം കൂടി ഈ ഡാം അപകടമൊന്നും സംഭവിക്കാതെ നിലനിൽക്കും. എന്നാൽ, കോൺക്രീറ്റ് ഡാമുകളുടെ കാര്യം അങ്ങനെയല്ല. കാലപ്പഴക്കം സംഭവിക്കുന്ന നേരം അത് പൊട്ടും. എത്ര സേഫ്റ്റിയിൽ നിർമിച്ചാലും അതിന് ഒരു കാലാവധി ഉണ്ട്. ഏതൊരു നിർമിതിയും അങ്ങനെ തന്നെയാണ്. മുല്ലപ്പെരിയാറിനേക്കാൾ താൻ ആശങ്കപ്പെടുന്നത് മറ്റ് ഡാമുകളുടെ കാര്യമാണെന്നും സോഹൻ റോയ് വ്യക്തമാക്കി.
കേരളത്തിലെ ഏതൊരു വ്യക്തിയും ഏതെങ്കിലും ഒരു ഡാമിന് സമീപമാണ് ജീവിക്കുന്നത്. കേരളത്തിലെ ഏല്ലാ ഡാമുകളും 50 വർഷം കഴിഞ്ഞതാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് ഇന്നല്ലെങ്കിൽ നാളെ പൊട്ടും. ഏറ്റവും വലിയ ദുരന്തമാണ് വരാൻ പോകുന്നത്. മുല്ലപ്പെരിയാർ ഒരുപക്ഷേ മറ്റ് ഡാമുകളേക്കാൾ സുരക്ഷിതമായി നിൽക്കും. എന്നാൽ, മറ്റ് കോൺക്രീറ്റ് ഡാമുകളുടെ കാര്യം അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാമെല്ലാം ജീവിക്കുന്നത് ഒരു വാട്ടർ ബോംബിന് മുന്നിലാണ്. അപ്രതീക്ഷിതമായി ഉരുൾപൊട്ടലോ ഭൂമികുലുക്കമോ ഉണ്ടായാൽ, ഈ ഡാമുകളെല്ലാം തകരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post