ന്യൂഡൽഹി: ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മുൻപ് വിഷേ് ഫോഗട്ട് നടത്തിയ പരിശ്രമങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവച്ച് കോച്ച് വോളർ അകോസ്. ഏറെ കഠിനമായിരുന്നു വിനേഷിന്റെ പരിശീലനം. വിനേഷ് തളർന്നു വീണിരുന്നു. ഒരുവേള, അവൾ മരിച്ചു പോവുമെന്ന് വരെ കരുതിയെന്നും കോച്ച് കുറിപ്പിൽ പറഞ്ഞു. എന്നാൽ, കുറിപ്പ് ചർച്ചയായതോടെ, അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
‘സെമിയ്ക്ക് ശേഷം വിനേഷിന് 2.7 കിലോഗ്രാം ഭാരം കൂടുതലായിരുന്നു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം നിർത്താതെ വിനേഷ് പ്രയത്‌നിച്ചു. എന്നിട്ടും ഒന്നര കിലോ ഭാരം കൂടുതലായിരുന്നു. പിന്നീട് 50 മിനിറ്റ് നേരം തുടർച്ചയായ സ്റ്റീം ബാത്തിന് ശേഷവും ഒരു തുള്ളി വിയർപ്പ് പോലും അവളുടെ ശരീരത്തിൽ പൊടിഞ്ഞില്ല. മറ്റൊരു വഴിയുമുണ്ടായിരുന്നില്ല, അർദ്ധരാത്രി മുതൽ പുലർച്ചെ 5.30 വരെ അവൾ പല തരത്തിലുള്ള കാർഡിയോ മെഷീനുകളിൽ കഠിനമായി പരിശീലിച്ചു. ഇതിനിയിൽ വിനേഷ് തളർന്നു വീണു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് അവളെ എഴുന്നേൽപ്പിച്ചത്. നാടകീയതയ്ക്ക് വേണ്ടി എഴുതുന്നതല്ല, ഒരുവേള വിനേഷ് മരിച്ചു പോവുമെന്ന് പോലും തോന്നിപ്പോയി’- കോച്ച് കുറിച്ചു.
പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയത് ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. ഫൈനലിന് തൊട്ടുമുൻപാണ് വിനേഷിനെ അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ ഭാരമായിരുന്നു വിനേഷിന് ഉണ്ടായിരുന്നത്.
Discussion about this post