കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ അടിയന്തര മെഡിക്കൽ സേവനങ്ങൾ രാജ്യവ്യാപകമായി പിൻവലിക്കുന്നതായാണ് ഐ എം എ പ്രഖ്യാപിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐഎംഎ അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചു. റസിഡൻ്റ് ഡോക്ടർമാരുടെ ജോലിയും ജീവിത സാഹചര്യങ്ങളും സമഗ്രമായി പുനഃപരിശോധിക്കുക, ജോലിസ്ഥലത്ത് ആരോഗ്യപരിപാലന വിദഗ്ധർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള കേന്ദ്ര നിയമം നടപ്പിലാക്കുക എന്നിവ അതിൽ ഉൾപ്പെടുന്നു.
എല്ലാ അവശ്യ സേവനങ്ങളും പരിപാലിക്കുകയും അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐ എം എ ആവശ്യപ്പെടുന്ന 5 ഡിമാൻഡുകൾ ഇവയാണ്
01. ആർജി കാർ ആശുപത്രിയിൽ ഇരയായ പെൺകുട്ടി ചെയ്യേണ്ടി വന്ന 36 മണിക്കൂർ ഡ്യൂട്ടി ഷിഫ്റ്റും വിശ്രമിക്കാൻ സുരക്ഷിതമായ ഇടങ്ങളുടെ അഭാവവും ഉൾപ്പെടെ, റസിഡൻ്റ് ഡോക്ടർമാരുടെ ജോലിയും ജീവിത സാഹചര്യവും സമഗ്രമായി പരിഷ്കരിക്കണം.
02. 1897-ലെ പകർച്ചവ്യാധി നിയമത്തിൽ 2023-ൽ വരുത്തിയ ഭേദഗതികൾ 2019-ലെ ആശുപത്രി സംരക്ഷണ ബില്ലിൽ ഉൾപ്പെടുത്തുന്ന ഒരു കേന്ദ്ര നിയമം എന്നിവ നടപ്പിലാക്കണം. ഈ നീക്കം, 25 സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമനിർമ്മാണത്തെ ശക്തിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നു.
കോവിഡ്-19 പാൻഡെമിക് സമയത്ത് നടപ്പാക്കിയതിന് സമാനമായ ഓർഡിനൻസ് ആശുപത്രികളുടെ സാഹചര്യത്തിൽ നടപ്പിലാക്കുന്നത് നന്നായിരിക്കുമെന്നും ഐഎംഎ നിർദ്ദേശിച്ചിട്ടുണ്ട്.
03. ആഗസ്ത് 14-ന് രാത്രി ആർ.ജി.കർ ആശുപത്രി വളപ്പിൽ നടത്തിയ നശീകരണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകുന്നതിന് പുറമെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റകൃത്യത്തെക്കുറിച്ച് സൂക്ഷ്മവും വിദഗ്ധവുമായ അന്വേഷണം നടത്തണമെന്നും നീതി നടപ്പാക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നുണ്ട്.
04. എല്ലാ ആശുപത്രികളുടെയും സുരക്ഷാ പ്രോട്ടോക്കോളുകൾ ഒരു വിമാനത്താവളത്തിൽ കുറയാത്തതായിരിക്കണമെന്നും ഐ എം എ വ്യക്തമാക്കി. അതിന്റെ ആദ്യ പടിയായി നിർബന്ധിത സുരക്ഷാ അവകാശങ്ങളോടെ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം.
05. അവസാനമായി, ഇരയാക്കപ്പെട്ട കുടുംബത്തിന് നടന്ന ക്രൂരതയ്ക്ക് ആനുപാതികമായി ഉചിതമായതും മാന്യവുമായ നഷ്ടപരിഹാരം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Discussion about this post