കഴിഞ്ഞ നാല് വർഷമായി റിലയൻസ് ഇൻഡസ്ട്രീസേ ചെയർമാൻ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ജീവിക്കുന്നത് എന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ചെയർമാൻ എന്ന നിലയിൽ അംബാനിക്ക് വേതനമൊന്നും നൽകിയിട്ടില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 സാമ്പത്തിക വർഷം വരെ 15 കോടി രൂപയായിരുന്നു അംബാനി ശമ്പളമായി വാങ്ങിയിരുന്നത്. എന്നാൽ കൊറോണ മഹാമാരി വ്യാപിച്ചതോടെ അദ്ദേഹം സ്വന്തം ശമ്പളം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 2024 സാമ്പത്തിക വർഷത്തിലും അദ്ദേഹം ശമ്പളം ഇല്ലാതെ തന്നെ തുടരും എന്നാണ് സൂചന. ഇത് കൂടാതെ അലവൻസ്, സ്റ്റോക് ഒപ്ഷൻ എന്നിവയും അംബാനി പൂർണമായും ഒഴിവാക്കി.
ലോകത്തിലെ സമ്പന്നരിൽ പതിനൊന്നാമത്തെ ആളാണ് 109 ബില്യൺ കോടി ആസ്തിയുള്ള മുകേഷ് അംബാനി. അദ്ദേഹത്തിനും കുടുംബത്തിനും റിലയൻസ് ഇൻഡസ്ട്രീസിൽ 50.33 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ ലാഭവിഹിതം മാത്രമായി 3,322.7 കോടി രൂപയാണ് അംബാനി കുടുംബത്തിന് ലഭിച്ചത്. ഇത് കൂടാതെ കുടുംബത്തിന് സുരക്ഷയൊരുക്കുന്നതും ബിസിനസ് യാത്രകൾക്കുള്ള ചെലവുകൾ വഹിക്കുന്നതും കമ്പനി തന്നെയാണ്.
മുകേഷ് അംബാനിക്ക് ശമ്പളമില്ലെങ്കിലും ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കും കൃത്യമായി ശമ്പളം നൽകുന്നുണ്ട്. നിത അംബാനി 2023 ഓഗസ്റ്റ് വരെ കമ്പനിയിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. അന്ന് സിറ്റിംഗ് ഫീസായി 2 ലക്ഷം രൂപയും കമ്മീഷനായി 97 ലക്ഷം രൂപയുമാണ് നിതയ്ക്ക് ലഭിച്ചത്.
2023 ഒക്ടോബറിലാണ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവർ ബോർഡിലെത്തിയത്. ഇവർക്കും ശമ്പളം നൽകുന്നില്ല. എന്നാൽ 4 ലക്ഷം രൂപ വീതം സിറ്റിംഗ് ഫീസും 97 ലക്ഷം രൂപ വീതം കമ്മീഷനും മൂന്ന് പേർക്കും ലഭിച്ചിട്ടുണ്ട്.
അതേസമയം ധീരുബായ് അംബാനിയുടെ മൂത്ത സഹോദരിയുടെ മക്കളായ നിഖിൽ, ഹിതാൽ മെസ്വാനി എന്നിവരുടെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ വർദ്ധിച്ചിട്ടുണ്ട്. നേരത്തെ 25 കോടി രൂപയായിരുന്ന ശമ്പളം ഇപ്പോൾ 25.31 കോടി രൂപ, 25.42 കോടി രൂപ എന്നിങ്ങനെയാണ്.
Discussion about this post