ബംഗളൂരു: ദിവസങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ നിന്നും കാണാതായ ടെക്കിയെ നോയിഡയിൽ നിന്നും കണ്ടെത്തി. നോർത്ത് ബംഗളൂരു സ്വദേശിയായ യുവാവിനെയാണ് നോയിഡയിലെ പ്രശസ്ത മാളിൽ കണ്ടെത്തിയത്. ഭാര്യയുടെ ഉപദ്രവത്തെ തുടർന്ന് കടന്ന് കളയുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ഈ മാസം നാലിനായിരുന്നു ബംഗളൂരുവിൽ നിന്നും യുവാവിനെ കാണാതെ ആയത്. ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് യുവാവിന്റെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ നഗരത്തിലെ എടിഎമ്മിൽ നിന്നും ഇയാൾ പണമെടുത്ത ശേഷം വാഹനത്തിൽ കയറി പോകുന്നതായി കണ്ടു. ഇതോടെ ഇയാൾ നാട് വിട്ട് പോയതാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.
ഇതോടെ യുവാവിനായി റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഇവിടെ നിന്നെല്ലാം ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവാവ് നോയിഡയിൽ എത്തിയതായി വ്യക്തമായി. ഇതോടെയാണ് പോലീസ് നോയിഡയിൽ എത്തിയത്. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷിച്ചിരുന്നു.
പോലീസ് കണ്ടെത്തുമ്പോൾ ഇയാൾ മാളിൽ കറങ്ങി നടക്കുകയായിരുന്നു. യുവാവിനോട് തങ്ങൾക്കൊപ്പം വീട്ടിലേക്ക് വരാൻ പോലീസുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വരില്ലെന്ന തീരുമാനത്തിൽ യുവാവ് ഉറച്ച് നിന്നു. കാരണം ആരാഞ്ഞപ്പോഴായിരുന്നു ഭാര്യയുടെ ഉപദ്രവങ്ങളെക്കുറിച്ച് യുവാവ് പോലീസിനോട് പറഞ്ഞത്.
മൂന്ന് വർഷം മുൻപായിരുന്നു യുവാവ് യുവതിയെ വിവാഹം ചെയ്തത്. യുവതിയുടെ രണ്ടാമത്തെ ഭർത്താവാണ് ഇയാൾ. ആദ്യഭർത്താവുമായി ബന്ധം വേർപെടുത്തിയ യുവതിയ്ക്ക് 12 വയസ്സുള്ള കുട്ടിയും ഉണ്ട്. വിവാഹം കഴിഞ്ഞ ശേഷം യുവതി ഉപദ്രവം ആരംഭിച്ചതായി യുവാവ് പറഞ്ഞു. നിങ്ങൾ വേണമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം. എന്നാലും ഭാര്യയ്‌ക്കൊപ്പം ഇനി ജീവിയ്ക്കാൻ വയ്യെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Discussion about this post