ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് എടുത്തത്.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് കോടതിയുടെ ഇടപെടൽ. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നിലവിൽ സിബിഐ അന്വേഷണമാണ് പുരോഗമിക്കുന്നത്. അറസ്റ്റിലായ കൊൽക്കത്ത പോലീസിലെ സിവിക് വളണ്ടിയറെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
അതേസമയം ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം പുരോഗമിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹം ആണ് ആശുപത്രി പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. ഓരോ രണ്ട് മണിക്കൂറിലും ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post