പാലക്കാട് : പാർട്ടി ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ നടപടിയെടുത്ത് സിപിഎം. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ ശശിയെ നീക്കി. ഇതോടൊപ്പം തന്നെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയും സിപിഎം പിരിച്ചു വിട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പികെ ശശിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. പാർട്ടി സമ്മേളനത്തിന്റെ പണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഹരി എടുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളിൽ പികെ ശശി കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് പികെ ശശിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പികെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലടക്കം ക്രമക്കേട് കണ്ടെത്തി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലും തിരിമറി നടത്തിയതായി തെളിഞ്ഞു . ഇതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശിക്കെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാണ് ഇനിയുള്ളത്.
Discussion about this post