തിരുവനന്തപുരം : മെയ്ഡ് ഇൻ കേരള വൈൻ ബ്രാൻഡ് ഉടൻ വിപണിയിലെത്തും. ‘നിള വൈൻ’ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ പുറത്തിറക്കുന്നത് കശുമാങ്ങ, പൈനാപ്പിൾ, വാഴപ്പഴം എന്നിവയിൽ നിന്നും ഉത്പാദിപ്പിച്ചിട്ടുള്ള വീഞ്ഞുകളാണ്. ലിറ്ററിന് ആയിരം രൂപയ്ക്ക് താഴെ ആയിരിക്കും നിള വൈനിന്റെ വിപണി വില എന്നാണ് സൂചന.
കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിലാണ് നിള വൈൻ നിർമ്മിക്കുന്നത്. വൈൻ നിർമ്മാണ ലൈസൻസിനായി എക്സൈസിന് നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചതോടു കൂടിയാണ് കേരള കാർഷിക സർവ്വകലാശാല പഴങ്ങളിൽ നിന്നും വീഞ്ഞ് നിർമ്മാണം ആരംഭിച്ചത്. ഇനി ലേബൽ ലൈസൻസ് കൂടി കിട്ടുന്നതോടെ ഇവ വിപണിയിൽ ലഭ്യമാകും.
വൈൻ നിർമ്മാണ ലൈസൻസിനായി നാലു അപേക്ഷകൾ ആയിരുന്നു എക്സൈസ് വകുപ്പിന് ലഭിച്ചിരുന്നത്. ഇവയിൽ ആദ്യം അനുമതി നൽകിയത് കേരള കാർഷിക സർവകലാശാലയ്ക്ക് ആയിരുന്നു. സർവ്വകലാശാല വിളയിച്ചതും കർഷകരിൽ നിന്ന് ശേഖരിച്ചതുമായ പഴങ്ങൾ ഉപയോഗിച്ചാണ് നിള വൈനിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.
ഓരോ ബാച്ചിലും 250 കിലോ പഴങ്ങൾ വീതം ഉപയോഗിച്ച് 125 ലിറ്റർ വൈൻ ആണ് കാർഷിക സർവകലാശാല നിർമ്മിച്ചിരുന്നത്. കേരളത്തിൽ നേരിട്ട് ഉത്പാദിപ്പിച്ച് വിപണിയിൽ എത്തുന്ന ആദ്യ വൈൻ എന്ന നിലയിൽ നിള ബ്രാൻഡിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിള വൈനിന്റെ വില്പന കാർഷിക സർവകലാശാല നേരിട്ട് ആയിരിക്കുമോ ബീവറേജസ് കോർപ്പറേഷൻ വഴി ആയിരിക്കുമോ എന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല.
Discussion about this post