തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടുതൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി. 555 ഡീസൽ ബസുകൾ കൂടിയാണ് അധികമായി വാങ്ങുന്നത്. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് അധികമായി ബസുകൾ വാങ്ങുന്നത്. മിനി, സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ ഇവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് കൂടുതൽ ബസുകൾ വാങ്ങാൻ തീരുമാനം ആയത്. ഇതിനായി 93 കോടി രൂപ സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകും. പ്ലാൻ ഫണ്ടിൽ നിന്നുള്ള തുകയാണ് കൈമാറുക.
വാങ്ങുന്ന 555 ബസുകളിൽ 220 എണ്ണം ടേക്ക് ഓവർ സർവ്വീസുകൾക്കായുള്ള ഫാസ്റ്റ് പാസഞ്ചർ ആണ്. 305 ബസുകളായിരിക്കും ഗ്രാമീണ റൂട്ടുകളിൽ സർവ്വീസ് നടത്തുക. ഇതിൽ 220 എണ്ണത്തിനായുള്ള ടെണ്ടർ നേരത്തെ ക്ഷണിച്ചിരുന്നു. ഒക്ടോബർ സൂപ്പർ ഫാസ്റ്റ് പ്രീമിയം വിഭാഗത്തിൽ 10 ബസുകൾ സർവ്വീസ് ആരംഭിക്കും.
ആറ് സ്ലീപ്പർ ബസുകളും, 14 സെമി സ്ലീപ്പർ ബസുകളും ആയിരിക്കും വാങ്ങുക. ഈ ബസുകളുടെ റൂട്ടുകൾ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഏതൊക്കെ റൂട്ടുകളിൽ സർവ്വീസ് നടത്താമെന്നകാര്യം ഒരാഴ്ചയ്ക്കകം മന്ത്രിയുടെ ഓഫീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post