ന്യൂഡൽഹി: ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിമ്പിക്‌സ് ഫൈനലിൽ നിന്നും അയോഗ്യയാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര കായിക കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. 50 കിലോ വിഭാഗത്തിൽ 100 ഗ്രാം ഭാരം കൂടുതലായതിനെ തുടർന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. എന്നാൽ വിനേഷിന്റെ അയോഗ്യത റദ്ദാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി താരത്തിന്റെ അപ്പീൽ തള്ളി.
50 കിലോ വിഭാഗത്തിൽ രണ്ടാമത്തെ ഭാര പരിശോധനയിൽ അത്‌ലറ്റിന്റെ ഭാരം പരിധിയിൽ കൂടുതലായിരുന്നുവെന്നത് തർക്കമില്ലാത്ത കാര്യമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ആർത്തവം, വെള്ളം നിലനിർത്തൽ, ജലാംശം നിലനിർത്തേണ്ടതിന്റെ ആവശ്യകത, ഭാരം കുറയ്ക്കാൻ മതിയായ സമയമില്ലായ്ക എന്നിവ കാരണമുണ്ടായ ചെറിയ ഭാരക്കൂടുതലാണെന്ന് വിശദീകരിക്കാൻ കഴിയും. എന്നാൽ, മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ അത്‌ലറ്റുകളുടെയും ഭാരം സംബന്ധിച്ചുള്ള നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. ഈ ഭാരം പരിധിയിൽ കൂടുതലാണെങ്കിൽ ഒരു തരത്തിലുള്ള ഇളവും അതിൽ നൽകാനാവില്ല. ഭാരപരിശോധനയ്ക്ക് മുൻപ് തന്നെ ഭാരം പരിധിയൽ കുറവാണെന്ന് അത്‌ലറ്റ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഒരു ഗുസ്തി താരം, ഒരു മത്സരത്തിശന്റ തുടക്കത്തിൽ മാത്രമല്ല, പ്രവേശനം മുതൽ ഫൈനൽ മത്സരം വരെ യോഗ്യനായി തുടരുകയും വേണം. മത്സരത്തിൽ ഒരു താരം അയോഗ്യനാവുകയാണെങ്കിൽ ആർട്ടിക്കിൾ 11ൽ നൽകയിരിക്കുന്ന നടപടികൾക്ക് ബാദ്ധ്യസ്ഥനാവുമെന്നും കോടതി നിരീക്ഷിച്ചു. പാരീസ് ഒളിമ്പിക്സിലെ 50 കിലോഗ്രാം ഗുസ്തി മത്സരത്തിൽ അത്ലറ്റ് കളിക്കളത്തിൽ പ്രവേശിച്ച് മൂന്ന് റൗണ്ടുകൾ പൊരുതി വിജയിക്കുകയും ഫൈനലിൽ എത്തുന്നതിന് മുമ്പ് രണ്ടാം ഭാരോദ്വഹനത്തിൽ പരാജയപ്പെടുകയും ഫൈനലിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യയാക്കപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.
Discussion about this post