മലപ്പുറം: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വച്ച് ഒന്ന കോടിയോളം രൂപ തട്ടിയെടുത്തു. സംഭവത്തിൽ അപ്രൈസർ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിൽ ആണ് തട്ടിപ്പ് നടന്നത്.
ശാഖയിലെ അപ്രൈസർ രാജൻ മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്‌റഫ്, റഷീദലി എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. 222.63 പവന്റെ സ്വർണമെന്ന പറഞ്ഞാണ് പ്രതികൾ മുക്കുപണ്ടം പണയം വച്ചത്. ശാഖയിൽ പണയത്തിനായി എത്തിക്കുന്ന സ്വർണം വ്യാജമാണോയെന്ന് പരിശോധിക്കുന്നത് രാജനാണ്. ഇയാൾ സ്വർണമാണെന്ന് പറഞ്ഞതോടെയാണ് മുക്കുപണ്ടം സ്വീകരിച്ച് ജീവനക്കാർ അതിന് പകരമായി 1.48 കോടി രൂപ നൽകിയത്. എന്നാൽ പിന്നീട് സ്വർണം കണ്ട് സംശയം തോന്നിയ ശാഖാ മാനേജർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഇത് മുക്കുപണ്ടം ആണെന്ന് വ്യക്തമായി. ഇതോടെ മാനേജരുടെ പരാതിയിൽ കേസ് എടുക്കുകയായിരുന്നു. 10 അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ പണം സ്വന്തമാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മാനേജർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ രാജൻ ഒളിവിലാണ്. സംഭവത്തിൽ ശാഖയിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post