ന്യൂഡൽഹി: ആഗോള വിപണയിൽ ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങൾക്ക് പ്രിയമേറുന്നു. ഫിലിപ്പീൻസിനും ബ്രസീലിനും പുറമേ ഇന്ത്യയോട് മലേഷ്യയും ബ്രഹ്‌മോസ് മിസൈലുകൾ ആവശ്യപ്പെട്ടു. സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലേഷ്യയുടെ നീക്കം.
സുഖോയ് 30 എംകെഎം യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് മലേഷ്യ മിസൈൽ വാങ്ങുന്നത്. ആകാശത്ത് നിന്നും തൊടുക്കാൻ കഴിയുന്ന ബ്രഹ്‌മോസ് എയർ ലോഞ്ച്ഡ് ക്രൂസ് മിസൈലുകൾ ആണ് മലേഷ്യയ്ക്ക് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മലേഷ്യയുൾപ്പെടെ തെക്ക് കിഴക്കൻ രാജ്യങ്ങൾക്ക് ചൈന വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നിലവിൽ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത്.
അതേസമയം ബ്രഹ്‌മോസ് മിസൈലുകളെ യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്നത് വളരെ ശ്രമകരമായ കാര്യമാണ്. മിസൈലുകളെ വഹിക്കാൻ പാകത്തിനുള്ള മാറ്റങ്ങൾ മലേഷ്യയ്ക്ക് വിമാനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനും ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് റോയൽ മലേഷ്യൻ എയർഫോഴ്‌സ് വിമാനങ്ങൾ നവീകരിക്കുക. നേരത്തെ സുഖോയ് വിമാനങ്ങളിൽ ഘടിപ്പിക്കാൻ ഇന്തോനേഷ്യയും ഇന്ത്യയോട് ആകാശത്ത് നിന്നും തൊടുക്കാൻ കഴിയുന്ന മിസൈലുകൾ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത മിസൈലുകൾ ആണ് ബ്രഹ്‌മോസ്. സൂപ്പർ സോണിക് ക്രൂസ് മിസൈലുകളായ ഇവയുടെ പലതലമുറകളും ഇന്ത്യയുടെ പക്കലുണ്ട്. ഇതിലൊന്നാണ് ആകാശത്ത് നിന്നും തൊടുക്കാൻ കഴിയുന്നവ. ഈ മിസൈലുകൾ സേനയുടെ ഭാഗമാകുന്നതോട് കൂടി ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടാം എന്നാണ് മലേഷ്യയുടെ വിശ്വാസം.
Discussion about this post