പ്രശസ്തമായതിന് പിന്നാലെ നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങളെക്കുറിച്ച് നാം കേട്ടുകാണും. ബൈബിൾ, സാറ്റാനിക് വേഴ്‌സസ്, മെയിൻകാഫ് എന്നിവ ഇതിൽ ചിലതാണ്. ആശയങ്ങൾ മനുഷ്യരുടെ മനസിൽ വിഷം കുത്തിവയ്ക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് ഈ പുസ്തകങ്ങൾ എല്ലാം തന്നെ നിരോധിച്ചത്. മനുഷ്യരെ സ്വാധീനിക്കാൻ പുസ്തകങ്ങളെക്കാൾ മികച്ചതായി മറ്റൊന്നുമില്ല.
എന്നാൽ പുസ്തകങ്ങളിലെ ആശയങ്ങിൽ മാത്രമല്ല അന്നത്തെ കാലത്ത് ‘ വിഷം’ ഉണ്ടായിരുന്നത്. പുസ്തകത്തിന് പുറത്തും ഉണ്ടായിരുന്നു. പണ്ട് കാലത്ത് പുറത്തിറങ്ങിയ പുസ്തകങ്ങൾ അച്ചടിയ്ക്കാനും മറ്റും ഉപയോഗിച്ചിരുന്ന രാസവസ്തുക്കൾ മനുഷ്യരുടെ ജീവൻ പോലും അപകടത്തിൽ ആക്കുന്നത് ആയിരുന്നു.
അമേരിക്കയിലെ ലിപ്‌സ്‌കോമ്പ് സർവ്വകലാശാലയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. വിക്ടോറിയൻ കാലഘട്ടത്തിൽ പുറത്തിറങ്ങിയ പുസ്തകങ്ങളിൽ ആണ് രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കടും നിറങ്ങളിലുള്ള പുസ്തകങ്ങളും തുണി കൊണ്ട് നിർമ്മിച്ച പുസ്തകങ്ങളും നിർമ്മിച്ചിരുന്നത് മാരക വിഷം അടങ്ങിയ പത്ഥാർത്ഥങ്ങൾ കൊണ്ടാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം നിറങ്ങൾ നിർമ്മാതാക്കൾ, ഇത് ശേഖരിക്കുന്നവർ, വായനക്കാർ, സൂക്ഷിപ്പുക്കാർ അല്ലെങ്കിൽ ലൈബ്രേറിയൻമാർ എന്നിവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഈ പുസ്തകങ്ങളുടെ ഗന്ധം ശ്വസിച്ചാൽ ശ്വാസകോശത്തിന് അപകടമാണ്. ക്യാൻസറിനും ശ്വാസകോശം തകരാറിലാകാനും ഇത് വഴിവയ്ക്കും. പുസ്തകങ്ങളുടെ പുറംചട്ടയിലെ കടും നിറങ്ങൾ കൈ കൊണ്ട് സ്പർശിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ഇതിന്റെ അംശങ്ങൾ ശരീരത്തിനകത്ത് പോകുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണം ആകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Discussion about this post