മുംബൈ : ബദ്‌ലാപൂർ കിൻഡർ ഗാർട്ടൻ ലൈംഗികാതിക്രമക്കേസിലെ അന്വേഷണത്തിനായി പ്രത്യേക എസ്ഐടി സംഘത്തെ നിയോഗിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികൾ ആരു തന്നെ ആയാലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വെറുതെ വിടില്ലെന്നും ഷിൻഡെ അറിയിച്ചു.
ബദ്‌ലാപൂരിലെ സ്കൂളിൽ കിൻഡർ ഗാർട്ടൻ വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് തലത്തിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർ ആർതി സിങ്ങിൻ്റെ നേതൃത്വത്തിൽ ആണ്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്.
ഒരാഴ്ച മുൻപാണ് ബദ്‌ലാപൂരിലെ സ്കൂളിൽ രണ്ട് കിൻഡർ ഗാർട്ടൻ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായത്. സ്കൂൾ അറ്റൻഡർ ആയ യുവാവ് മോശമായി സ്പർശിച്ചതായി കുട്ടികൾ വീട്ടുകാരോട് പരാതി പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ അറ്റൻഡർ അക്ഷയ് ഷിൻഡെയെ ഓഗസ്റ്റ് 17-ന് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പലിനെയും മറ്റു രണ്ടു ജീവനക്കാരെയും കൂടി പുറത്താക്കിയിരുന്നു.
Discussion about this post