ഇസ്രായേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ആണ് ഹമാസിന്റെ പുതിയ മേധാവി യഹിയ സിൻവർ. ഹമാസ് നേതാവായിരുന്ന ഇസ്മായിൽ ഹനിയെ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതോടെയാണ് യഹിയ സിൻവർ പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടത്. ഹനിയെയുടെ കാലത്തും ഹമാസിൽ പ്രധാന ശക്തികേന്ദ്രം ആയിരുന്നു സിൻവർ. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും യഹിയ സിൻവറിന്റെ കൈകളിൽ ആയിരുന്നു.
നിലവിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ നിന്നും പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ഗാസയിലെ അറിയപ്പെടാത്ത ഏതെങ്കിലും തുരങ്കങ്ങളിലായിരിക്കാം യഹിയ സിൻവർ കഴിയുന്നത്. യഹിയയെ ഉടൻതന്നെ വകവരുത്തും എന്ന് ഇസ്രായേൽ പലകുറി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഇതിനുള്ള ഒരു പ്രധാന കാരണം യഹിയ ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ചുള്ള യാതൊരു ആശയവിനിമയങ്ങളും ആരുമായും നടത്തുന്നില്ല എന്നുള്ളതാണ്. പലസ്തീനിൽ ഇസ്രായേൽ സൈന്യം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഏതോ ഒരു തുരങ്കത്തിൽ ഇരുന്ന് ഫോണോ മറ്റു മാധ്യമങ്ങളോ ഒന്നും തന്നെ ഉപയോഗിക്കാതെ യഹിയ സിൻവർ ഹമാസിന്റെ മുഴുവൻ നിയന്ത്രണവും നടപ്പിലാക്കുന്നുണ്ട്.
1989-ൽ രണ്ട് ഇസ്രായേൽ സൈനികരെയും ഇസ്രായേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിക്കൊണ്ടാണ് യഹിയ സിൻവർ ഹമാസിന്റെ പ്രിയങ്കരനായ നേതാവായി മാറുന്നത്. ഈ സംഭവത്തിൽ ഇസ്രായേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി. ഇയാൾക്ക് മാനസാന്തരം വന്നതായി ആ കാലത്ത് പരക്കെ കണക്കാക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ സിൻവർ പലപ്പോഴും ഹമാസിനോട് വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ഗാസയിൽ സമാധാനപൂർണമായ ജീവിതം ഉണ്ടാകണമെന്ന് ഇയാൾ പലപ്പോഴായി പ്രസ്താവനകൾ നടത്തിയിരുന്നു.
വെടിനിർത്തലിലൂടെ ഗാസയെ സമാധാനപൂർണമാക്കണമെന്നും ഒരു ആഗോള നിലവാരത്തിൽ വളർത്തിയെടുക്കണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് ഇയാൾ പലപ്പോഴായി വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 2017-ൽ യഹിയ സിൻവർ ഹമാസിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം “സമാധാനപരവും ജനകീയവുമായ പ്രതിരോധം” മാത്രമായിരിക്കും ഇനി ഹമാസ് പിന്തുടരുകയെന്ന് ഇയാൾ അവകാശപ്പെട്ടു. സിൻവറിന്റെ ഈ പ്രസ്താവനങ്ങളും സമാധാനവാദങ്ങളും മുഖവിലയ്ക്ക് എടുത്തതാണ് ഇസ്രായേലിന് വലിയ തിരിച്ചടിയായത് എന്ന് കരുതപ്പെടുന്നു. സിൻവർ ഗാസ മുനമ്പ് കൈകാര്യം ചെയ്യുന്ന ഹമാസ് നേതൃത്വത്തിൽ എത്തിയതോടെ ഇസ്രായേൽ പ്രതിരോധ സേനയുടെ ഈ ഭാഗത്തേക്കുള്ള നിരീക്ഷണം അല്പം കുറഞ്ഞതാണ് ഒക്ടോബർ 7 ലെ വലിയ ഭീകരാക്രമണത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.
സിൻവറിന്റെ നേതൃത്വത്തിലുള്ള ഗാസ മുനമ്പ് സമാധാനം ആഗ്രഹിക്കുന്നതായി ഇസ്രായേൽ തെറ്റിദ്ധരിച്ചു എന്ന് പറയാം. ഇതോടെ ഗാസ മുനമ്പിന് പകരം ഇസ്രായേൽ പ്രതിരോധ സേന വെസ്റ്റ് ബാങ്കിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. ഈ സാഹചര്യം മുതലാക്കിയാണ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസിന്റെ ഭീകരാക്രമണം നടന്നത്. ആട്ടിൻതോലിട്ട ചെന്നായ ആയിരുന്നു യഹിയ സിൻവറെന്ന് ഇസ്രായേൽ തിരിച്ചറിഞ്ഞില്ലെന്ന് പലയിടത്തു നിന്നും വിമർശനം ഉണ്ട്. ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയതിന് ഒരു മണിക്കൂറിനു ശേഷം യഹിയ സിൻവറിന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ബന്ദികളെ കൈമാറുന്നതിനായി ചർച്ച നടത്താം എന്നായിരുന്നു ആ സന്ദേശം. എന്നാൽ പിന്നീട് മറ്റൊരു സന്ദേശവും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇസ്രായേൽ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചതോടെ ഇയാൾ ഗാസയിലെ തുരങ്കങ്ങളിൽ അഭയം തേടി എന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലിന്റെ കയ്യിൽ കിട്ടിയാൽ തന്റെ അവസ്ഥ എന്തായിരിക്കും എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഇന്നും ഏതോ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ് യഹിയ സിൻവർ.
Discussion about this post